സുഡാനി ഫ്രം നൈജീരിയ 25 കോടിയിലേക്കു; വിദേശത്തും ഗംഭീര പ്രതികരണം..!

0
ഈ വർഷത്തെ ആദ്യ മൂന്നു മാസങ്ങളിൽ വളരെ കുറച്ചു ചിത്രങ്ങൾ മാത്രമേ മലയാള സിനിമയിൽ വിജയം കണ്ടിട്ടുള്ളു. ജനുവരിയിൽ റിലീസ് ചെയ്ത പ്രണവ് മോഹൻലാൽ ചിത്രം ആദി ബ്ലോക്ക്ബസ്റ്റർ വിജയം നേടിയപ്പോൾ പുതുമുഖങ്ങളുടെ ക്വീൻ നഷ്ടം ഇല്ലാതെ പോയി. മാർച്ചിൽ റിലീസ് ചെയ്ത ഇര എന്ന ചിത്രം ബോക്സ് ഓഫീസിൽ വിജയം നേടിയപ്പോൾ  അതിനു ശേഷം ഒരു സൂപ്പർ ഹിറ്റ് വിജയം മലയാളത്തിന് ലഭിച്ചത് നവാഗതനായ സക്കറിയ ഒരുക്കിയ സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെയാണ്. സൗബിൻ ഷാഹിറും ആഫ്രിക്കൻ നടനായ സാമുവൽ റോബിൻസൺ അബിയോളയും പ്രധാന വേഷങ്ങളിൽ എത്തിയ ഈ ചിത്രം മലബാറിൽ നടക്കുന്ന സെവൻസ് ഫുട്ബോൾ ടൂർണമെന്റുകളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഒരു റിയലിസ്റ്റിക് എന്റെർറ്റൈനെർ ആണ്. സ്നേഹത്തിന്റെയും  സൗഹൃദത്തിന്റെയും കുടുംബ ബന്ധങ്ങളുടെയും കഥ പറയുന്ന ഈ ചിത്രം ഹാസ്യത്തിന്റെ മേമ്പൊടി ചാലിച്ചാണ് മുന്നോട്ടു  പോകുന്നത്.
ഏതായാലും നിരൂപകരും പ്രേക്ഷകരും ഒരുപോലെ ഹൃദയം കൊണ്ട് സ്വീകരിച്ച ഈ ചിത്രം  ബോക്സ് ഓഫീസിലും മികച്ച വിജയമാണ് നേടുന്നത്. ഇപ്പോൾ 25 കോടിയിലേക്കു എത്തുകയാണ് ഈ ചിത്രത്തിന്റെ വേൾഡ് വൈഡ് കളക്ഷൻ. കേരളത്തിൽ മികച്ച വിജയം നേടിയ ഈ ചിത്രം കേരളത്തിന് പുറത്തും നേടുന്നത്  ഗംഭീര സ്വീകരണം ആണ്. യു എ എയിൽ ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രമായി മാറിയ സുഡാനി ഫ്രം നൈജീരിയ, മറ്റു വിദേശ രാജ്യങ്ങളിൽ നിന്നും മികച്ച കളക്ഷൻ ആണ് നേടിയത്. കേരളത്തിലെ മൾട്ടിപ്ളെക്സുകളിൽ ഇപ്പോഴും മികച്ച പ്രേക്ഷക പിന്തുണയോടെയാണ് ഈ ചിത്രം കളിക്കുന്നത്. സമീർ താഹിർ, ഷൈജു ഖാലിദ് എന്നിവർ ചേർന്ന് നിർമ്മിച്ചസുഡാനി ഫ്രം നൈജീരിയക്ക്  തിരക്കഥ ഒരുക്കിയത് സംവിധായകൻ സക്കറിയയും മുഹ്‌സിൻ പരാരിയും ചേർന്നാണ്.  അഭിനേതാക്കളുടെ ഗംഭീര പെർഫോമൻസ് തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്.
Share.

Comments are closed.