വിജയ് സൂപ്പറും പൗർണ്ണമിയും ചിത്രീകരണം ആരംഭിച്ചു; ആസിഫ് അലി- ജിസ് ജോയ് ടീം വീണ്ടും..!

0
സൂപ്പർ ഹിറ്റ് സംവിധായകനായ ജിസ് ജോയി ഒരുക്കുന്ന മൂന്നാമത്തെ  ചിത്രമാണ് വിജയ് സൂപ്പറും പൗർണ്ണമിയും. യുവ താരം ആസിഫ് അലി നായക വേഷത്തിലെത്തുന്ന ഈ ചിത്രത്തിന്റെ പൂജാ, ഇന്ന് എറണാകുളത്തുള്ള ത്രീ ഡോട്സ് സ്റ്റുഡിയോയിൽ വെച്ച് നടന്നു. പൂജക്ക്‌ ശേഷം ഈ ചിത്രം കൊച്ചിയിൽ ചിത്രീകരണമാരംഭിക്കുകയും ചെയ്തു. ആസിഫ് അലി- അപർണ്ണ ബാലമുരളി ടീമിനെ വെച്ചൊരുക്കിയ സൂപ്പർ ഹിറ്റ് ചിത്രമായ സൺ‌ഡേ ഹോളിഡേ ആയിരുന്നു കഴിഞ്ഞ വർഷം ജിസ് ജോയ് ഒരുക്കിയ ചിത്രം. ഈ ചിത്രത്തിന്റെ വിജയാഘോഷ ചടങ്ങിലാണ് തന്റെ പുതിയ ചിത്രവും ജിസ് ജോയ് പ്രഖ്യാപിച്ചത്.  ജിസ് ജോയിയുടെ ആദ്യ ചിത്രമായ ബൈസൈക്കിൾ തീവ്സ് എന്ന സിനിമയിലും  ആസിഫ് അലി ആയിരുന്നു നായകൻ. ആ ചിത്രവും ബോക്സ് ഓഫീസിൽ വിജയം നേടിയ ചിത്രമാണ്. അതുകൊണ്ടു തന്നെ വിജയങ്ങളുടെ ഹാട്രിക് സ്വന്തമാക്കാനൊരുങ്ങുകയാണ് ആസിഫ് അലി- ജിസ് ജോയ് ടീം.
നിവിൻ പോളി നായകനായ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെ അരങ്ങേറിയ ഐശ്വര്യ ലക്ഷ്മിയാണ് ഈ ചിത്രത്തിൽ ആസിഫ് അലിയുടെ നായിക. മായാനദി എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ ലക്ഷ്മി  മലയാള സിനിമാ പ്രേക്ഷകർക്കിടയിൽ പോപ്പുലർ ആയതു. ന്യൂ സൂര്യ ഫിലിമ്സിന്റെ ബാനറിൽ സുനിൽ എ കെ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. പ്രിൻസ് ജോർജ് സംഗീതം സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കുന്നത് റെനഡിവേ ആണ്. കഴിഞ്ഞ വർഷം നൂറു ദിവസം തിയേറ്ററിൽ പ്രദർശിപ്പിച്ചു വമ്പൻ വിജയം നേടിയെടുത്ത ചിത്രമായിരുന്നു ആസിഫ് അലി- ജിസ് ജോയ് ടീമിന്റെ സൺ‌ഡേ ഹോളിഡേയ് എന്നത് കൊണ്ട് തന്നെ വിജയ് സൂപ്പറും പൗർണ്ണമിയും എന്ന ഇവരുടെ പുതിയ ചിത്രത്തിനുമേൽ പ്രേക്ഷകരുടെ പ്രതീക്ഷ വളരെയേറെയാണ്.
Share.

Comments are closed.