ലേലം 2 നിർമ്മിച്ച് കൊണ്ട് രഞ്ജി പണിക്കർ നിർമ്മാണ രംഗത്തേക്കും.

0
രഞ്ജി പണിക്കർ മലയാള സിനിമയിലെത്തുന്നത് നമ്മൾക്കെന്നും  പ്രീയപ്പെട്ട , എന്നും ആവേശം നൽകുന്ന ഒരുപിടി തീപ്പൊരി ചിത്രങ്ങൾ രചിച്ചു കൊണ്ടാണ്. ഷാജി കൈലാസും ജോഷിയുമായി ഒക്കെ ചേർന്ന് രഞ്ജി പണിക്കർ തന്റെ തൂലികയിലൂടെ സമ്മാനിച്ചത് മലയാള സിനിമയിലെ എക്കാലത്തെയും മികച്ച  ഒരുപിടി മാസ്സ് ചിത്രങ്ങൾ ആയിരുന്നു. ഏകലവ്യനും കമ്മീഷണറും, ലേലവും, പത്രവും, ദി കിങ്ങും എല്ലാം അതിനുദാഹരണങ്ങൾ ആണ്. അതിനു ശേഷം ഭരത് ചന്ദ്രൻ ഐ പി എസ് എന്ന ചിത്രത്തിലൂടെ അദ്ദേഹം സംവിധായകനായി. സുരേഷ് ഗോപി നായകനായി എത്തിയ ആ ചിത്രത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി രൗദ്രം എന്ന ചിത്രവും ഒരുക്കി. പിന്നീട് നമ്മൾ കാണുന്നത് ഒരു നടൻ എന്ന നിലയിലുള്ള രഞ്ജി പണിക്കരുടെ മികച്ച പ്രകടനങ്ങൾ ആണ്. ഓം ശാന്തി ഓശാന എന്ന ജൂഡ് ആന്റണി- നിവിൻ പോളി ചിത്രത്തിലൂടെ ശ്രദ്ധ നേടിയ രഞ്ജി പണിക്കർ എന്ന നടൻ ഇപ്പോൾ മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള നടന്മാരിൽ ഒരാൾ ആണ്. ഇപ്പോളിതാ രഞ്ജി പണിക്കർ നിർമ്മാതാവ് എന്ന നിലയിലും മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്.

തന്റെ എക്കാലത്തെയും മികച്ച മാസ്സ് ചിത്രങ്ങളിൽ ഒന്നായ സുരേഷ് ഗോപി ചിത്രം ലേലത്തിന്റെ രണ്ടാം ഭാഗം ആണ് രഞ്ജി പണിക്കർ ആദ്യമായി നിർമ്മിക്കുന്ന ചിത്രം. രഞ്ജി പണിക്കർ എന്റർടൈൻമെന്റിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം രഞ്ജി പണിക്കർ തന്നെ എഴുതുന്നു. അദ്ദേഹത്തിന്റെ മകൻ നിതിൻ രഞ്ജി പണിക്കർ ആണ് ഈ ചിത്രം സുരേഷ് ഗോപിയെ നായകനാക്കി സംവിധാനം ചെയ്യാൻ പോകുന്നത്. കഴിഞ്ഞ വര്ഷം മമ്മൂട്ടിയെ നായകനാക്കി  കസബ എന്ന ചിത്രമൊരുക്കിയാണ് നിതിൻ രഞ്ജി പണിക്കർ സംവിധായകനായി തന്റെ അരങ്ങേറ്റം കുറിച്ചത്. ലേലം 2 വിതരണം  ചെയ്യുന്നതും രഞ്ജി പണിക്കർ ആയിരിക്കും. അതിനു മുൻപേ പ്രിത്വി രാജ് നായകനായ ആദം ജോൺ എന്ന ചിത്രം ഈ വരുന്ന ഓണത്തിനു രഞ്ജി പണിക്കരുടെ വിതരണ കമ്പനി കേരളത്തിൽ വിതരണം ചെയ്യും. ഈ വർഷം അവസാനം ആയിരിക്കും ലേലം 2 ന്റെ ചിത്രീകരണം ആരംഭിക്കുക. അടുത്ത വര്ഷം മോഹൻലാൽ നായകനാകുന്ന ഷാജി കൈലാസ് ചിത്രത്തിനും രഞ്ജി പണിക്കർ തിരക്കഥ ഒരുക്കുന്നുണ്ട്. ആശീർവാദ് സിനിമാസ് ആണ് ആ ബിഗ് ബജറ്റ് പ്രൊജക്റ്റ് നിർമ്മിക്കുന്നത്.
Share.

Comments are closed.