മോഹൻലാൽ തരംഗത്തിലാറാടി കേരളം ! ആർപ്പുവിളിച്ച് ആരാധകർ ത്രില്ലടിച്ച് തിയേറ്ററുകൾ ! റിവ്യൂ

0
ഇന്ന് കേരളത്തിൽ  പ്രദർശനമാരംഭിച്ച ചിത്രമാണ് പ്രശസ്ത സംവിധായകൻ സാജിദ് യഹിയ  സംവിധാനം  ചെയ്ത മോഹൻലാൽ എന്ന ചിത്രം . മലയാള സിനിമയിലെ എക്കാലത്തെയും വലിയ താരവും ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളുമായ മോഹൻലാലിൻറെ പേരിട്ടു നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് സുനീഷ് വാരനാട്‌ ആണ്. മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ എന്നറിയപ്പെടുന്ന മഞ്ജു വാര്യരും ഇന്ദ്രജിത് സുകുമാരനും ആണ്  ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് . മൈൻഡ് സെറ്റ് മൂവീസിന്റെ  ബാനറിൽ അനിൽ കുമാർ  നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ഒരു കമ്പ്ലീറ്റ് ഫാമിലി  എന്റെർറ്റൈനെർ എന്ന നിലയിലാണ് ഒരുക്കിയിട്ടുള്ളത്. ചിത്രത്തിലെ ഗാനവും അതുപോലെ ടീസറും  നേടിയ പ്രേക്ഷക പ്രതികരണം വളരെ വലുതായിരുന്നു എന്നത് തന്നെ ചിത്രത്തിന് മേലുള്ള പ്രതീക്ഷകൾ വാനോളമാക്കിയിട്ടുണ്ടായിരുന്നു എന്ന് തന്നെ പറയാം. മോഹൻലാൽ എന്ന പേര് തന്നെ ഇന്ന് ഈ  സിനിമയ്ക്കു കേരളത്തിൽ  കിട്ടുന്ന ഏറ്റവും വലിയ പ്രമോഷൻ ആയി മാറി.
കമ്പ്ലീറ്റ് ആക്ടർ മോഹൻലാലിൻറെ കടുത്ത ആരാധികയായ മീനു കുട്ടിയുടെ കഥയാണ് ഈ ചിത്രം പറയുന്നത്. മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന ആദ്യ മോഹൻലാൽ ചിത്രം റിലീസ് ചെയ്ത ദിവസം ജനിച്ചു വീണ കുട്ടിയാണ് മീനു. അവൾ പിന്നെ വളർന്നത് കടുത്ത മോഹൻലാൽ ആരാധികയായി. അവളുടെ ജീവിതത്തിലെ ഓരോ സാഹചര്യങ്ങളിലും അവൾ കാണുന്നത് ഓരോ മോഹൻലാൽ കഥാപാത്രങ്ങൾ കടന്നു പോയ അവസ്ഥകൾ തന്നെയായിരുന്നു. ആ മീനു കുട്ടി എന്ന കഥാപാത്രത്തിന്റെ ജീവിതം  വളരെ രസകരമായി അവതരിപ്പിക്കുന്ന ചിത്രമാണ് മോഹൻലാൽ. സേതു മാധവൻ എന്ന കഥാപാത്രമായാണ് ഇന്ദ്രജിത് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. മീനുക്കുട്ടിയുടെ ഭർത്താവായാണ് സേതുമാധവൻ എത്തുന്നത്.
ജയസൂര്യ നായകനായ ഇടി എന്ന മാസ്സ് ആക്ഷൻ കോമഡി ചിത്രത്തിന് ശേഷം സാജിദ് യഹിയ   ഒരുക്കിയ മോഹൻലാൽ  എന്ന ഈ ചിത്രം ഒരു പക്കാ മാസ്സ് ഫാമിലി എന്റർടൈനറാണ് എന്ന് തന്നെ പറയാം..ആദ്യ ചിത്രമായ ഇടിയിൽ നിന്ന്  ഏറ്റവും വ്യത്യസ്തമായ ഒരു രീതിയിലാണ് സാജിദ് യഹിയ  ഈ ചിത്രം ഒരുക്കിയിരിക്കുന്നത് . സുനീഷ് വാരനാട്‌  ഒരുക്കിയ തിരക്കഥ ഒരു  വിനോദ ചിത്രത്തിന്റെ എല്ലാ ചേരുവകളും കൃത്യമായ അളവിൽ ചേർക്കപ്പെട്ടിട്ടുള്ള ഒന്നായി വന്നിട്ടുണ്ട് . ആക്ഷനും റൊമാന്സും കോമെഡിയും ത്രില്ലും  എല്ലാം കൃത്യമായ അളവിൽ കോർത്തിണക്കി  പ്രേക്ഷകരെ മടുപ്പിക്കാത്ത രീതിയിൽ ഒരുക്കിയ ഈ ചിത്രം മോഹൻലാൽ ആരധകർക്കും സിനിമാ പ്രേമികൾക്കും തിയേറ്ററിൽ വിനോദത്തിന്റെ ഉത്സവം തീർക്കുന്നു. മലയാള സിനിമാ പ്രേമികൾക്ക് വലിയ നൊസ്റാൾജിയയും സമ്മാനിക്കുന്നുണ്ട് ഈ ചിത്രം എന്നതും എടുത്തു പറയണം. മലയാളി മനസ്സുകളെ മോഹൻലാലിനെ പോലെ സ്വാധീനിച്ച ഒരു നടൻ വേറെ ഇല്ലെന്നിരിക്കെ അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിലൂടെ നടത്തുന്ന ഒരു യാത്ര പ്രേക്ഷകന് അവന്റെ ജീവിതത്തിലൂടെ തന്നെ നടത്തുന്ന ഒരു യാത്ര പോലെ തന്നെ നൊസ്റ്റാൾജിയ സമ്മാനിക്കുന്നു. മനോഹരമായ  തിരക്കഥയുടെ രസവും  മികവും ഒട്ടു നഷ്ടപ്പെടാതെ തന്നെ  അതിനു ദൃശ്യ ഭാഷ ഒരുക്കാനും  അത് പ്രേക്ഷകരുടെ മുന്നിൽ ഏറ്റവും രസകരവും ആവേശകരവുമായ രീതിയിൽ അവതരിപ്പിക്കാനും  സാജിദ് യഹിയ എന്ന സംവിധായകന് കഴിഞ്ഞു. പൊട്ടിച്ചിരിപ്പിക്കുന്ന കോമഡി സീനുകളും സംഭാഷണങ്ങളും ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്. മഞ്ജു വാര്യരുടെ ഒരു കിടിലൻ പെർഫോമൻസ് ആണ് നമ്മുക്ക് ഈ ചിത്രത്തിലൂടെ കാണാൻ കഴിയുക. മീനു കുട്ടി എന്ന കഥാപാത്രമായി ഏറെ കാലത്തിനു ശേഷം വളരെ ഫ്രീ ആയി രസകരമായി അഭിനയിക്കുന്ന മഞ്ജുവിനെ നമ്മുക്ക് കാണാൻ കഴിഞ്ഞു.   ഇന്ദ്രജിത്തും മാസ്സ് പെർഫോമൻസ് കാഴ്ച വെച്ചപ്പോൾ മഞ്ജുവിനൊപ്പമുള്ള ഇന്ദ്രജിത്തിന്റെ തിരശീലയിൽ രസതന്ത്രവും രസകരമായിരുന്നു. പ്രശസ്ത മോഹൻലാൽ കഥാപാത്രങ്ങളെ ഓർമിപ്പിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങൾ ചിത്രത്തിൽ ഒരുപാട് ഉണ്ടായിരുന്നു. അവരെല്ലാം പ്രേക്ഷകരുടെ കയ്യടി നേടി എടുത്തു എന്ന് തന്നെ പറയാം.  സലിം കുമാർ, അജു വർഗീസ്  എന്നിവരും തങ്ങളുടെ ഭാഗം ഭംഗിയാക്കിയപ്പോൾ കയ്യടി നേടിയ  മറ്റൊരാൾ സൗബിൻ ഷാഹിർ  ആണ്. മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച ഹാരിഷ് കണാരൻ,  സുനിൽ സുഗത, ബിജു കുട്ടൻ,കോട്ടയം നസീർ, മണിയൻ പിള്ള രാജു, സുധി കോപ്പ, കോട്ടയം പ്രദീപ്, ബാലചന്ദ്രൻ ചുള്ളിക്കാട്, സേതു ലക്ഷ്മി , ബേബി മീനാക്ഷി, മാസ്റ്റർ വിശാൽ, കെ പി എ സി ലളിത എന്നിവരും മികച്ചു നിന്നു.
ഷാജി കുമാർ എന്ന പരിചയ സമ്പന്നനായ ക്യാമറാമാൻ  ഒരുക്കിയ ദൃശ്യങ്ങൾ ചിത്രത്തിനാവശ്യമായ കളർ ഫുൾ ആയ അന്തരീക്ഷം പകർന്നു നൽകിയപ്പോൾ  ടോണി ജോസെഫ്  സംഗീതം പകർന്ന  ഗാനങ്ങളും പ്രകാശ് അലക്സ് ഒരുക്കിയ പശ്ചാത്തല  സംഗീതവും ഗംഭീരമായി തന്നെ വന്നു . അത് പോലെ ഷമീർ മുഹമ്മദ് എന്ന പ്രതിഭയുടെ മികച്ച  എഡിറ്റിംഗ് ചിത്രത്തിന്റെ കഥ പറച്ചിലിന് ആവശ്യമായ വേഗത നൽകുന്നതിൽ നിർണ്ണായക പങ്കു വഹിച്ചു എന്നതിനൊപ്പം സാങ്കേതികമായി ചിത്രത്തെ ഉയർത്തി നിർത്തുകയും ചെയ്തു എന്ന് പറയാം. ചുരുക്കി പറഞ്ഞാൽ മോഹൻലാൽ   ഒരു തികഞ്ഞ വിനോദ ചിത്രമാണ്. മോഹൻലാൽ ആരാധകർക്കു ഒരു ഉത്സവം സമ്മാനിക്കുന്ന ഈ ചിത്രം മലയാളി  പ്രേക്ഷകന്  നൊസ്റാൾജിയയിലൂടെ രസകരമായ ഒരു യാത്രയും സമ്മാനിക്കുന്നു . ഒരു  മാസ്സ് ഫൺ മൂവിയിൽ നിന്നു പ്രേക്ഷകർ പ്രതീക്ഷിക്കുന്ന എല്ലാം നമ്മുക്ക് നൽകുന്ന ഈ ചിത്രം കുടുംബ പ്രേക്ഷകരും യുവാക്കൾക്കുമെല്ലാം ഒരേപോലെ പ്രീയപ്പെട്ട ചിത്രമായി മാറും എന്നതിൽ സംശയമൊന്നുമില്ല.
Share.

Comments are closed.