മലയാള സിനിമയ്ക്കു പുതിയ ചിത്രീകരണ മാതൃകയുമായി കായംകുളം കൊച്ചുണ്ണി ടീം..!

0
നിവിൻ പോളി നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രമാണ് കായംകുളം കൊച്ചുണ്ണി. മെഗാ സ്റ്റാർ മോഹൻലാലും അതിഥി വേഷം ചെയ്യുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് റോഷൻ ആൻഡ്രൂസും നിർമ്മിച്ചിരിക്കുന്നത് ഗോകുലം ഗോപാലനും ആണ്. വർഷങ്ങൾക്കു മുൻപേയുള്ള ഒരു കാലഘട്ടം അങ്ങനെ തന്നെ പുനരാവിഷ്കരിച്ചു കൊണ്ടാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. അതിനായി മലയാള സിനിമയിൽ ഇതുവരെ പരീക്ഷിക്കാത്ത Previs’ എന്ന നവീന ആശയം ആണ് കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിൽ അണിയറ പ്രവർത്തകർ പരീക്ഷിച്ചു വിജയകരമായി നടപ്പിലാക്കിയത്. സിനിമയിലെ ഓരോ ചെറിയ ചലനങ്ങൾ പോലും കൃത്യമായി ചർച്ച ചെയ്യുക, അത് എപ്രകാരമാണ് ഷൂട് ചെയ്യേണ്ടത് എന്ന് തീരുമാനിക്കുക എന്നത് ഉൾപ്പെട്ട ഒരു പ്രക്രിയ ആണ് ഇത്.
തിരക്കഥ എഴുതി തുടങ്ങുന്നതിന് മുൻപേ ആർട്ട്, കോസ്റ്റ്യും, മേക്കപ്പ് തുടങ്ങിയ എല്ലാ വിഭാഗങ്ങളിലും റിസേര്ച് നടത്തി  അതിൽ നിന്ന് കിട്ടിയ വിവരങ്ങൾ സംവിധായകനുമായി ചർച്ച ചെയ്യുന്ന ഒരു ക്രീയേറ്റീവ് മീറ്റിങ് സംഘടിപ്പിക്കുകയാണ് കായംകുളം കൊച്ചുണ്ണി ടീം ആദ്യം ചെയ്തത്. ഛായാഗ്രഹണം, സംഘട്ടനം, പ്രോജക്ട് ഡിസൈൻ എന്നിങ്ങനെ ഓരോ മേഖലയിലും ഉള്ളവർ അവർ തേടി കണ്ടുപിടിച്ച വിവരങ്ങളുമായി അന്ന് അവിടെയെത്തി. ഓരോ സ്ഥലത്തു നിശ്ചയിച്ച ലൊക്കേഷൻ മാനേജർ പോലും സന്നിഹിതനായിരുന്നു. അന്ന് അവിടെ വെച്ച് നടന്ന മീറ്റിങ്ങിൽ എവിടെ, എപ്പോൾ, എങ്ങനെയെല്ലാം ഷൂട്ട് ചെയ്യാം, മേക്കപ്പ് എങ്ങനെയായിരിക്കണം, കോസ്റ്റ്യും എപ്രകാരമായിരിക്കണം, ആദ്യത്തെ സീൻ മുതൽ ക്ലൈമാക്സ് വരെ ഓരോ രംഗവും എങ്ങനെയാണ് ചിത്രീകരിക്കുക, ലൊക്കേഷന്റെ ചിത്രങ്ങളുടെ സഹായത്തോടെ ഓരോ രംഗവും എങ്ങനെ ഏത് ആങ്കിളിൽ നിന്ന് ഷൂട്ട് ചെയ്യും എന്നെല്ലാം  ചർച്ച ചെയ്ത് തീരുമാനമെടുത്തു.
അതുകൊണ്ടു തന്നെ ഓരോ കാര്യങ്ങൾക്കും ഒരു അന്തിമ തീരുമാനം കൈക്കൊള്ളുവാൻ സാധിക്കുകയും കൃത്യ സമയത്ത് തന്നെ ചിത്രീകരണം പൂർത്തീകരിക്കുവാനും സാധിച്ചു. 145 ദിവസത്തെ ഷൂട്ടിംഗാണ് മീറ്റിങ്ങിൽ തീരുമാനിച്ചിരുന്നതെങ്കിലും പ്രതികൂലമായ കാലാവസ്ഥയും മറ്റു ചില കാരണങ്ങളാലും 165 ദിവസം ഷൂട്ടിംഗ് നീണ്ടുപോയി. കൊച്ചി, മാംഗ്ലൂർ, ഉഡുപ്പി, കഡബ, ഗോവ, പാലക്കാട്, ശ്രീലങ്ക എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തീകരിച്ചത്. കൊച്ചുണ്ണി ജീവിച്ച ആ ഒരു കാലഘട്ടം പുനർസൃഷ്ടിക്കുക എന്ന ബുദ്ധിമുട്ടേറിയ പ്രയത്‌നത്തെ ഏറെ ലഘൂകരിക്കാൻ ഈ പ്രക്രിയ കൊണ്ട് സാധിച്ചു. മാറുന്ന മലയാള സിനിമയുടെ ഒരു പുതിയ മുഖമാണ് കായംകുളം കൊച്ചുണ്ണി നമ്മുക്ക് മുന്നിൽ വെച്ച് തരുന്നത് എന്ന് പറയാം.
Share.

Comments are closed.