ബിജു മേനോൻ – ഷാഫി ടീമിന്റെ ഷെർലക് ടോംസ് തീയേറ്ററുകളിലേക്കു..

0

രക്ഷാധികാരി ബൈജു, ലക്‌ഷ്യം എന്നീ ചിത്രങ്ങളാണ് ഈ വര്ഷം ബിജു മേനോൻ അഭിനയിച്ചു തീയേറ്ററുകളിൽ  എത്തിയ ചിത്രങ്ങൾ. രഞ്ജൻ പ്രമോദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത രക്ഷാധികാരി ബൈജു ഒരു മികച്ച വിജയം ആയപ്പോൾ ജീത്തു ജോസെഫിന്റെ രചനയിൽ നവാഗതനായ അൻസാർ ഖാൻ സംവിധാനം ചെയ്ത ലക്‌ഷ്യം ശ്രദ്ധ നേടിയില്ല. ഇന്ദ്രജിത് സുകുമാരനും ലക്ഷ്യത്തിൽ നായക തുല്യമായ  വേഷം അവതരിപ്പിച്ചിരുന്നു. ഇനി ഈ വര്ഷം ബിജു മേനോൻ നായകനായി എത്തുന്ന മലയാള ചിത്രമാണ് പ്രശസ്ത സംവിധായകൻ ഷാഫി ഒരുക്കിയ ഷെർലക് ടോംസ്. നജിം കോയ, സച്ചി, ഷാഫി എന്നിവർ ചേർന്നാണ്  ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ഹാസ്യത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രം വരുന്ന സെപ്തംബര് അവസാനത്തോടെയോ അല്ലെങ്കിൽ ഒക്ടോബർ  ആദ്യ വാരമോ തീയേറ്ററുകളിൽ എത്തുമെന്ന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചിത്രീകരണം കഴിഞ്ഞ ഷെർലക് ടോംസ് ഇപ്പോൾ പോസ്റ്റ്-പ്രൊഡക്ഷൻ സ്റ്റേജിലാണ്.

മിയ ജോർജ് നായികയായെത്തുന്ന ഈ ചിത്രത്തിൽ ശ്രിന്ദയും വളരെ പ്രധാനപ്പെട്ട ഒരു സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷെർലോക് ഹോംസ് കഥകൾ വായിച്ചു വളർന്നു ഒരിക്കൽ ഷെർലക് ഹോംസിനെ പോലെ ഒരു പ്രൈവറ്റ് ഇൻവെസ്റിഗേറ്റർ ആവണം എന്നാഗ്രഹിച്ചു നടക്കുന്ന ഒരാളുടെ കഥയാണ് ഷെർലക് ടോംസ് പറയുന്നത്. ഐ പി എസ് ഓഫീസർ ആവാൻ വേണ്ടി സിവിൽ സർവീസ് പരീക്ഷ എഴുതുമെങ്കിലും ഐ ആർ എസ് ഓഫീസർ ആയാണ് അയാൾക്ക്‌ നിയമനം കിട്ടുന്നത്. പക്ഷെ അതിൽ തളർന്നു പോകാതെ തന്റെ ജോലിയെ ഒരു പ്രൈവറ്റ് ഡിറ്റക്റ്റീവ് അയാളുടെ ജോലിയെ സമീപിക്കുന്ന രീതിയിൽ സമീപിക്കുകയാണ് അയാൾ ചെയ്യുന്നത്. സലിം കുമാർ, റാഫി, കലാഭവൻ ഷാജോൺ എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ഹാസ്യത്തിലൂടെ കടന്നു പോകുന്ന ആദ്യ പകുതിയും വളരെ സീരിയസ് ആയുള്ള ഒരു രണ്ടാം പകുതിയുമാണ്  ഈ ചിത്രത്തിന്റെ പ്രത്യേകത എന്ന് സംവിധായകൻ ഷാഫി പറയുന്നു. ദിലീപ് നായകനായ ബ്ലോക്ക്ബസ്റ്റർ ചിത്രം ടു കൺട്രീസ് നു ശേഷം ഷാഫി ഒരുക്കുന്ന ചിത്രമാണ് ഷെർലക് ടോംസ്.
Share.

Comments are closed.