പ്രേക്ഷക മനസ്സുകൾ കീഴടക്കി സുഡാനി ഫ്രം നൈജീരിയ !! നല്ല കലക്കൻ പടം തന്നെ

0
ഇന്ന് കേരളത്തിൽ റിലീസ് ചെയ്ത മലയാള ചിത്രമാണ് നവാഗതനായ സക്കറിയ , സൗബിൻ ഷാഹിറിനെയും വിദേശ നടൻ സാമുവൽ അബിയോളയെയും   കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്ത  സുഡാനി ഫ്രം നൈജീരിയ.  ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് സംവിധായകനായ സക്കറിയ തന്നെയാണ്. സംവിധായകനായ മുഹ്‌സിൻ പരാരിയും സകറിയക്കൊപ്പം രചനാ പങ്കാളി  ആയി ഈ ചിത്രത്തിൽ ജോലി ചെയ്തിട്ടുണ്ട്.    ഹാപ്പി ഹൗർസ്  എന്റർടൈൻമെൻറ്സിന്റെ ബാനറിൽ സമീർ താഹിർ, ഷൈജു ഖാലിദ് എന്നിവർ ചേർന്നാണ്  ഈ ചിത്രം നിർമ്മിച്ചിരിക്കുന്നതു. ഫുട്ബോൾ പശ്‌ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിലെ കുർറാഹ് ഫുട്ബോൾ ആന്തവും അതുപോലെ ഇതിന്റെ ട്രെയ്‌ലറും വമ്പൻ ഹിറ്റായി മാറിയിരുന്നു.
സൗബിൻ ഷാഹിർ, സാമുവേൽ അബിയോള റോബിൻസൺ എന്നിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെ ചുറ്റിപറ്റി, മലബാറിന്റെ ഫുട്ബാൾ സംസ്കാരത്തിന്റെ പശ്ചാത്തലത്തിൽ ആണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. മലബാറിൽ സെവൻസ് ഫുട്ബോൾ കളിയ്ക്കാൻ എത്തുന്ന സാമുവൽ എന്ന ആഫ്രിക്കൻ ഫുട്ബോൾ കളിക്കാരന്റെയും അവൻ കളിക്കുന്ന ടീമിന്റെ എല്ലാമെല്ലാമായ മജീദ് എന്ന മലയാളി യുവാവിന്റെയും സൗഹൃദത്തിന്റെയും അവരുടെ ജീവിതത്തിൽ ഉണ്ടാവുന്ന സംഭവങ്ങളുടെയും ആവിഷ്കാരമാണ് ഈ ചിത്രം.
സക്കറിയ എന്ന ഈ നവാഗത  സംവിധായകനെ പ്രതീക്ഷയോടെ നോക്കി കാണാൻ പ്രേരിപ്പിക്കുന്ന ഘടകം എന്തെന്നാൽ, വളരെ  വ്യത്യസ്തമായ  ഒരു കഥയെ വളരെ രസകരമായി പ്രേക്ഷകരുടെ  മുന്നിൽ അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു  എന്നതാണ്. വളരെ റിയലിസ്റ്റിക് ആയി കഥ പറഞ്ഞിരിക്കുന്ന ഈ ചിത്രത്തിൽ നിറയെ നർമ്മ മുഹൂർത്തങ്ങളും പ്രേക്ഷകനെ പിടിച്ചിരുത്തുന്ന തരത്തിലുള്ള കഥാ സന്ദർഭങ്ങളും  കൊണ്ട് വരാൻ അദ്ദേഹത്തിന് കഴിഞ്ഞു. റിയലിസ്റ്റിക് ആയി കഥ പറഞ്ഞതിനൊപ്പം പ്രേക്ഷകരെ ആദ്യാവസാനം രസിപ്പിക്കാനുള്ള  ഘടകങ്ങൾ  കോർത്തിണക്കിയ തിരക്കഥയാണ്  സംവിധായകനും മുഹ്‌സിൻ പരാരിയും ചേർന്ന് ഒരുക്കിയത്. . എഴുത്തുകാർ എന്ന നിലയിൽ ഇരുവരും  അഭിനന്ദനം അർഹിക്കുന്നു എന്ന് സംശയമേതുമില്ലാതെ പറയാം. പൊട്ടിച്ചിരിപ്പിക്കുന്ന സംഭാഷണങ്ങൾ പുതുമയേറിയ കഥാ സന്ദർഭങ്ങൾക്കു  ഒപ്പം വന്നപ്പോൾ , സംവിധായകന് വളരെ രസകരമായി തന്നെ ഈ ചിത്രം വെള്ളിത്തിരയിൽ എത്തിക്കാൻ കഴിഞ്ഞു. ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പുതുമയും വ്യത്യസ്തതയും എന്തെന്നാൽ അതീ ചിത്രത്തിന്റെ കഥയിൽ കടന്നു വരുന്ന ഫുട്ബോൾ എന്ന കളിയും അതിലൂടെ ഉടലെടുക്കുന്ന സൗഹൃദവും , വൈകാരിക മുഹൂർത്തങ്ങളും  തന്നെയാണ്. അതിനെ വളരെ മികച്ച രീതിയിൽ വിശ്വസനീയമായി പ്രേക്ഷകന്റെ മുന്നിലവതരിപ്പിക്കാൻ കഴിഞ്ഞുവെന്നത്  തന്നെയാണ് ഈ ചിത്രത്തെ പ്രേക്ഷകന്റെ മനസ്സിൽ എത്തിക്കുന്നത്.
സൗബിൻ ഷാഹിർ- സാമുവൽ അബിയോള  ടീമിന്റെ രസകരമായ കെമിസ്ട്രി ആണ് ഈ ചിത്രത്തിന്റെ സവിശേഷത.  . രണ്ടു പേരും പരസ്പരം കൊണ്ടും കൊടുത്തും  അഭിനയിച്ചപ്പോൾ, കഥാപാത്രങ്ങൾക്കൊപ്പം പ്രേക്ഷകരും സഞ്ചരിച്ചു തുടങ്ങിയിരുന്നു  . സൗബിൻ ഷാഹിർ  വളരെ കൂളായി തന്നെ തന്റെ കഥാപാത്രത്തിന്  ജീവൻ നൽകിയപ്പോൾ  സാമുവേൽ എന്ന  കഥാപാത്രത്തെ മികച്ച രീതിയിൽ തന്നെ  അബിയോളയും  നമുക്ക് മുന്നിലെത്തിച്ചു. മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സരസ, സാവിത്രി, കേടിസി അബ്ദുള്ള, അനീഷ് ജി മേനോൻ എന്നിവരും മറ്റു പുതുമുഖങ്ങളും തങ്ങളുടെ വേഷങ്ങൾ ഭംഗിയായി  തന്നെ വെള്ളിത്തിരയിലെത്തിച്ചു.
ഷൈജു ഖാലിദ്  ആണ് ഈ ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്തത്. അദ്ദേഹം നൽകിയ ഗംഭീര ദൃശ്യങ്ങൾ ആയിരുന്നു ഈ ചിത്രത്തിന്റെ ആത്മാവ്.  നൗഫൽ അബ്ദുല്ല  തന്റെ എഡിറ്റിംഗിലൂടെ ചിത്രം ആവശ്യപ്പെട്ട വേഗതയും ഒഴുക്കും പകർന്നു നൽകുകയും ചെയ്തു . . പറവ, മായാനദി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ റെക്സ് വിജയൻ ആണ്  സംഗീത വിഭാഗം  കൈകാര്യം ചെയ്തത് .സംഗീത വിഭാഗവും മികച്ച നിലവാരം പുലർത്തിയപ്പോൾ സാങ്കേതികമായി ഈ ചിത്രം ഏറെ മുന്നിൽ തന്നെ നിന്നു എന്ന് പറയാം.ചുരുക്കി പറഞ്ഞാൽ, സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രം നിങ്ങളെ ഒരുപാട് രസിപ്പിക്കുന്ന ഒരു റിയലിസ്റ്റിക് എന്റെർറ്റൈനെർ ആണ്. നിങ്ങളെ ചിരിപ്പിക്കുകയും , ആവേശം കൊള്ളിക്കുകയും ചെയ്യുന്നതിനൊപ്പം, വൈകാരികമായി നിങ്ങളുടെ മനസ്സിനെ സ്പര്ശിക്കാനും ഈ കൊച്ചു ചിത്രത്തിന്  കഴിയും
Share.

Comments are closed.