നീണ്ട 17  വർഷങ്ങൾക്കു ശേഷം സോപാനം തീയേറ്റേഴ്സ് അവതരിപ്പിക്കുന്ന കാവാലം നാരായണ പണിക്കരുടെ കല്ലുരുട്ടിയുമായി കൃഷ്ണൻ ബാലകൃഷ്ണൻ വീണ്ടും അരങ്ങിലെത്തുന്നു..!

0

പ്രശസ്ത സിനിമാ- സീരിയൽ  നടനും സംസ്ഥാന അവാർഡ്  ജേതാവും  നാടക പ്രവർത്തകനുമായ കൃഷ്ണൻ ബാലകൃഷ്ണൻ നാടക രംഗത്തെ തന്റെ സജീവ പ്രവർത്തനം കൊണ്ടും ഒരു നാടക നടനെന്ന നിലയിലും കേരളത്തിലെ കലാസ്വാദകരുടെ ഇടയിൽ സുപരിചതനാണ്. കാവാലം നാരായണ പണിക്കർ എന്ന അതികായന്റെ കളരിയിൽ നിന്നെത്തിയ ഈ നടൻ സിനിമയോടൊപ്പം എന്നും നാടകത്തെയും തന്റെ നെഞ്ചോടു ചേർത്ത് പിടിക്കുന്ന അപൂർവം ചില കലാകാരന്മാരിൽ ഒരാളാണെന്നും പറയാം. ബെന്യാമിൻ എഴുതിയ പ്രശസ്ത നോവൽ ആയ ആട് ജീവിതം ഈ വർഷം ജനുവരിയിൽ  അരങ്ങിലെത്തിയപ്പോൾ ഈ നാടകത്തിൽ നജീബ് എന്ന മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചതും കൃഷ്ണൻ ബാലകൃഷ്ണൻ ആണ്.


ഇപ്പോഴിതാ കാവാലം നാരായണ പണിക്കരുടെ രണ്ടാം ചരമ വാർഷികം ആചരിക്കാൻ പോകുന്ന ഈ വേളയിൽ, 17 വർഷം മുൻപ് അരങ്ങിലെത്തി ഏറെ ജനശ്രദ്ധ നേടിയ അദ്ദേഹത്തിന്റെ കല്ലുരുട്ടി എന്ന ഫോക് നാടകവുമായി അദ്ദേഹത്തിന്റെ ശിഷ്യനായ കൃഷ്ണൻ ബാലകൃഷ്ണൻ വീണ്ടും വേദിയിൽ എത്തുകയാണ്. ദേശീയ- അന്തർദേശീയ നാടക ഫെസ്റിവലുകളിൽ പ്രദർശിപ്പിച്ചു കയ്യടി നേടിയ ഒരു ഫോക് പ്ലേ ആണ് കല്ലുരുട്ടി. 17 വർഷം മുൻപ് ഈ നാടകം അവതരിപ്പിച്ചപ്പോഴും ഇതിലെ കേന്ദ്ര കഥാപാത്രങ്ങളിൽ ഒന്നായ പഞ്ചുരുളി ആയി അഭിനയിച്ചത് കൃഷ്ണൻ ബാലകൃഷ്ണൻ ആയിരുന്നു. അന്ന് നാടകവേദിയിൽ കാഴ്ച വെച്ച വിസ്മയകരമായ പ്രകടനം ഒരിക്കൽ കൂടി ആവർത്തിക്കാൻ ഒരുങ്ങുകയാണ് ഈ നടൻ. സംഗീതത്തിനും വളരെയധികം പ്രാധാന്യം നൽകിയൊരുക്കുന്ന ഈ നാടകം മൂന്ന് തെയ്യങ്ങളുടെ കഥ കൂട്ടിയിണക്കിയാണ് അവതരിപ്പിക്കുന്നത്. നാടകങ്ങളും നാടക പ്രസ്ഥാനങ്ങളും പുനരുജ്ജീവനത്തിന്റെ പാതയിലുള്ള ഈ സമയത്തു ഇത്തരം നാടകങ്ങൾ വീണ്ടും വേദിയിലെത്തുന്നത് നാടക കലാകാരൻമാർക്കും നാടകത്തെ സ്നേഹിക്കുന്നവർക്കും വലിയൊരു സന്തോഷവും പ്രതീക്ഷയും പ്രചോദനവുമാണ്.

പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന ഒരു ആദിവാസി ജനവിഭാഗത്തിൽപ്പെടുന്ന കല്ലുരുട്ടി എന്ന സഹോദരിയുടെയും പഞ്ചുരുളികൾ എന്ന ഇരട്ട സഹോദരന്മാരുടെയും കഥയാണ് ഈ നാടകം നമ്മളോട് പറയുക. ഇവരുടെ ജീവിതത്തിലേക്ക് പുറത്തു നിന്നുള്ള ഉഗ്രാണി, ദൊരൈ എന്നീ കഥാപാത്രങ്ങൾ കടന്നു വരുമ്പോൾ ഇവരുടെ ജീവിതത്തിൽ സംഭവിക്കുന്ന വഴിതിരിവുകളും മാറ്റങ്ങളും ദുരന്തങ്ങളുമാണ് ഈ നാടകം ചർച്ച ചെയ്യുന്നത്. സാമൂഹികവും രാഷ്ട്രീയപരവുമായ പ്രസക്തിയുള്ളതും വളരെ ആഴമേറിയതും ഒരുപാട് അർത്ഥ തലങ്ങൾ ഉള്ളതുമായ ഒരു കഥയെ അതിന്റെ എല്ലാ തീവ്രതയോടെയും അവതരിപ്പിക്കുന്ന ഒരു നാടകം എന്ന നിലയിലും ശ്രദ്ധ നേടിയിട്ടുള്ള കല്ലുരുട്ടി വീണ്ടുമെത്തുന്നത് നാടകാസ്വാദകർക്ക് ഏറെ സന്തോഷം പകരുന്ന വാർത്തയാണ്. 17 വർഷം മുമ്പ് ട്രിവാൻഡ്രം ഗോർഖി ഭവനിൽ ആണ് ഈ നാടകം ആദ്യമായി അവതരിപ്പിച്ചത്. സോപാനം പെര്ഫോർമിങ് ആർട്‌സ് ആൻഡ് റിസർച് അവതരിപ്പിക്കുന്ന ഈ നാടകം വരുന്ന ഇരുപതിയാറാം തീയതി കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ ആണ് വീണ്ടും അരങ്ങേറുന്നത്. കൃഷ്ണൻ ബാലകൃഷ്ണന് ഒപ്പം മോഹിനി വിജയൻ, വി ഗിരീഷ്‌, സജി, ശിവകുമാർ, ജി അയ്യപ്പൻ, കോമളൻ നായർ, ബോസ് വി ആർ എന്നിവരും പ്രധാന കഥാപാത്രങ്ങളായി സ്റ്റേജിൽ എത്തും. ഈ നാടകം ഒരിക്കൽ കൂടി അവതരിപ്പിക്കാൻ സാധിക്കുന്നത് വലിയൊരു അനുഗ്രഹമായി കരുതുന്നു എന്നും കൃഷ്ണൻ ബാലകൃഷ്ണൻ പറയുന്നു.

Share.

Comments are closed.