തകർപ്പൻ ട്വിസ്റ്റ്.. കലക്കൻ സസ്പെൻസ് ! കണ്ടിറങ്ങുന്ന പ്രേക്ഷകരെ ത്രില്ലടിപ്പിച്ച് ഇര

0
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമപ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ  ചിത്രമാണ്  ഉണ്ണി മുകുന്ദൻ, ഗോകുൽ സുരേഷ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ഇര എന്ന  മാസ്സ് ത്രില്ലർ  . നവാഗത സംവിധായകനായ സൈജു എസ് എസ്  ആണ് ഈ ചിത്രം  സംവിധാനം ചെയ്തിരിക്കുന്നത്. വൈശാഖ് ഉദയ കൃഷ്ണ പ്രൊഡക്ഷൻസിന്റെ ബാനറിൽ   ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സംവിധായകൻ വൈശാഖ്, തിരക്കഥാകൃത്തും ഉദയ കൃഷ്ണ  എന്നിവർ ചേർന്നാണ്. ഇവരുടെ ആദ്യ നിർമ്മാണ സംരഭം ആയ ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് നവീൻ ജോൺ ആണ്. ഉദയകൃഷ്ണ സ്റ്റുഡിയോസ് ആണ് ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്തിരിക്കുന്നത്. മമ്മൂട്ടി ചിത്രം മാസ്റ്റർപീസ് ആംയിരുന്നു ഉദയകൃഷ്ണൻ സ്റ്റുഡിയോസ് ആദ്യമായി വിതരണം ചെയ്ത ചിത്രം. ദിലീപ് കേസും ആയി ബന്ധമുള്ള ഒരു ടീസർ വന്നതോടെ ആണ് ഈ ചിത്രം ഏവരിലും ഒരുപാട് ആകാംഷ ജനിപ്പിച്ചത്. ആ കേസുമായി സാമ്യമുള്ള പല രംഗങ്ങളും  ഈ ചിത്രത്തിൽ ഉണ്ടെങ്കിലും ഈ സിനിമയിലൂടെ പറയുന്നത് ആ കേസിനെ  കുറിച്ചോ ദിലീപിന്റെ ജീവിതമോ ഒന്നുമല്ല. ഒരു ആക്ഷേപ ഹാസ്യം എന്ന നിലയിലാണ് ദിലീപ് കേസിലെ സംഭവങ്ങളുമായി സാമ്യം തോന്നുന്ന രംഗങ്ങൾ ഈ ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്.
ഒരു മന്ത്രിയുടെ മരണവും അതിനെ തുടർന്ന് ഡോക്ടർ ആര്യൻ എന്ന നിരപരാധിയായ ഒരു ചെറുപ്പക്കാരൻ പ്രതിയാക്കപ്പെടുകയും ചെയ്യുന്നിടത്തു നിന്നാണ്  ഈ ചിത്രത്തിന്റെ കഥ മുന്നോട്ടു നീങ്ങി തുടങ്ങുന്നത്. ഈ കേസ് അന്വേഷിക്കാൻ പുതിയൊരു അന്വേഷ്ണൻ ഉദ്യോഗസ്ഥൻ കൂടി എത്തുന്നതോടെ ചിത്രം ആവേശകരമാകുന്നു. ഡോക്ടർ ആര്യൻ ആയി ഗോകുൽ സുരേഷ് എത്തുമ്പോൾ അന്വേഷണ ഉദ്യൊഗസ്ഥന്റെ കഥാപാത്രം  ആയി എത്തുന്നത് ഉണ്ണി മുകുന്ദൻ ആണ്. രാജീവ് എന്ന ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്ന പോലീസ് കഥാപാത്രത്തിന്റെ പേര്.
ചുരുക്കി പറഞ്ഞാൽ  ഗംഭീര തുടക്കം കുറിച്ചിരിക്കുകയാണ് സൈജു എസ് എസ് എന്ന  ഈ നവാഗത സംവിധായൻ.ഒരു സംവിധായകൻ എന്ന നിലയിൽ സൈജു  പുലർത്തിയ കയ്യടക്കമാണ് ഈ സിനിമയുടെ മികവിന്റെ ഏറ്റവും വലിയ കാരണമെന്ന്  നമ്മുക്ക് എടുത്തു  പറയാൻ സാധിക്കും. അത്ര മികച്ച രീതിയിൽ സാങ്കേതികപരമായും കഥാപരമായും  ഈ ചിത്രത്തെ  പ്രേക്ഷകസമക്ഷം അവതരിപ്പിക്കാൻ ഈ പുതുമുഖ സംവിധായകന്  കഴിഞ്ഞിട്ടുണ്ട്. നവീൻ ജോൺ എഴുതിയ തിരക്കഥ ആയിരുന്നു ഈ ചിത്രത്തിന്റെ നട്ടെല്ല്. വളരെ ആവേശകരമായ രംഗങ്ങൾ കൊണ്ട് നിറഞ്ഞ തിരക്കഥ ആദ്യാവസാനം പ്രേക്ഷകനെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ രീതിയിലും കൂടിയാണ് ഒരുക്കിയത്.  കഥാപാത്രങ്ങൾക്ക് വ്യക്തമായ ഐഡന്റിറ്റി നൽകാനും കഥാസന്ദർഭങ്ങളെ വിശ്വസനീയമായി പ്രേക്ഷകരുടെ ഹൃദയങ്ങളിലെത്തിക്കാനും സംവിധായകന്റെ കയ്യടക്കത്തിന് കഴിഞ്ഞിട്ടുണ്ട് എന്നതും ഈ ചിത്രത്തിന്റെ മികവിന്റെ കാരണം ആണ്. ആദ്യാവസാനം ത്രില്ലടിപ്പിക്കാൻ കഴിയുന്നു എന്നത് തന്നെയാണ് ഒരു മാസ്സ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എന്ന നിലയിൽ ഇര എന്ന ഈ ചിത്രത്തിന്റെ വിജയം. കോമെടിയും റൊമാന്സും സസ്‌പെൻസും ആക്ഷനും എല്ലാം കൃത്യമായ അളവിൽ കൂട്ടിയിണക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.
ഉണ്ണി മുകുന്ദൻ എന്ന യുവ നടന്റെ  മാസ്സ് അപ്പീൽ തന്നെയാണ് ഈ ചിത്രത്തെ പ്രേക്ഷകരുടെ പ്രീയപ്പെട്ടതാക്കി മാറ്റുന്നത്.  തകർപ്പൻ പ്രകടനമാണ് ഈ ചിത്രത്തിലെ അന്വേഷണ ഉദ്യോഗസ്ഥൻ ആയി ഉണ്ണി മുകുന്ദൻ  കാഴ്ച വെച്ചത്. അത്രമാത്രം സ്റ്റൈലിഷായും അതേസമയം തന്നെ വളരെ പക്വതയോടെയും  ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ ഉണ്ണിക്കു കഴിഞ്ഞു . ഡോക്ടർ ആര്യൻ ആയി അഭിനയിച്ച  ഗോകുൽ സുരേഷും മികച്ച പ്രകടനം  തന്നെ കാഴ്ച വെച്ചപ്പോൾ നായികാ വേഷങ്ങളിൽ എത്തിയ മിയ ജോർജ്, നിരഞ്ജന അനൂപ് എന്നിവർ  തങ്ങളുടെ വേഷങ്ങൾ  ഏറ്റവും ഭംഗിയാക്കി.  ഇവർക്ക് പുറമെ മറ്റു കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ ശങ്കർ രാമകൃഷ്ണൻ, പ്രശാന്ത് അലക്‌സാണ്ടർ , അലെൻസിയർ. ലെന, നെൽസൺ, കൈലാഷ്, സാജു നവോദയ എന്നിവരും  തങ്ങളുടെ കഥാപാത്രങ്ങളെ ഏറ്റവും നല്ല രീതിയിൽ  തന്നെ വെള്ളിത്തിരയിലെത്തിച്ചു.  സാജു നവോദയയുടെ കോമെടികൾ കയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. പ്രശാന്ത് അലക്‌സാണ്ടർ ചെയ്ത കഥാപാത്രവും വളരെ മികച്ചതായിരുന്നു
സുധീർ സുരേന്ദ്രൻ  ഒരുക്കിയ ദൃശ്യങ്ങൾ മികച്ച മാസ്സ് അപ്പീൽ തന്നെയാണ് ഈ ചിത്രത്തിന് നൽകിയത് .  ചിത്രത്തിന്റെ മൂഡ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ  സുധീർ  ഒരുക്കിയ ദൃശ്യങ്ങളുടെ പങ്കു വളരെ വലുതാണ്.  ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതവും അതുപോലെ തന്നെ ഗാനങ്ങളും  ഈ സിനിമയുടെ എനർജി ലെവൽ ഉയരത്തിയിട്ടുണ്ട് എന്നും എടുത്തു പറയണം . എഡിറ്റിംഗ് നിർവഹിച്ചപരിചയ സമ്പന്നനായ ജോൺകുട്ടി ഒരിക്കൽ കൂടി  മികവ് പുലർത്തിയപ്പോൾ മികച്ച വേഗതയിൽ ആണ് ഈ ചിത്രം മുന്നോട്ടു പോയത് എന്ന് പറയാം.ചുരുക്കി പറയുകയാണെങ്കിൽ സാങ്കേതികമായും കഥാപരമായതും  മികച്ച നിലവാരം പുലർത്തുന്ന ഒരു കിടിലൻ മാസ്സ് ത്രില്ലർ  ആണ് ഇര. മാസ്സ് ത്രില്ലറുകൾ ഇഷ്ട്ടപെടുന്ന  പ്രേക്ഷകനെ ഒരിക്കലും നിരാശരാക്കാതെ ഒരു ചിത്രമാണ് ഇര എന്ന് നമ്മുക്ക് ഉറപ്പിച്ചു പറയാൻ സാധിക്കും. ഏതായാലും ഒരു പുതിയ സംവിധായക പ്രതിഭ  കൂടി മലയാള സിനിമയിലേക്ക് എത്തിച്ചേർന്നിരിക്കുന്നു എന്ന് പറയാം നമ്മുക്ക്. മല്ലു സിങ്ങിന് ശേഷം ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രമാകും ഇര എന്നത് സംശയമില്ലാത്ത കാര്യമാണ്.
Share.

Comments are closed.