ഞെട്ടിക്കുന്ന പെർഫോമൻസുകൾ ..കിടിലൻ തീം & മേക്കിങ് ! എസ് ദുർഗ കാണേണ്ട ചിത്രം തന്നെ

0
ഒരുപാട് ചർച്ചകൾക്കു കാരണമായ ഒരു മലയാള ചിത്രമാണ് ഇന്ന് കേരളത്തിൽ പ്രദർശനത്തിന് എത്തിയത്. പ്രശസ്ത സംവിധായകൻ ആയ സനൽ കുമാർ ശശിധരൻ ഒരുക്കിയ എസ്. ദുർഗ്ഗയാണ് ആ ചിത്രം. ഏറെ വിവാദങ്ങൾക്കും ഈ ചിത്രം വഴി വെച്ചിരുന്നു. ചിത്രത്തിന്റെ പേരും അതിൽ പറഞ്ഞിരിക്കുന്ന ചില വിഷയങ്ങളും തന്നെയാണ് അതിനു കാരണം ആയതെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഫിലിം ഫെസ്റിവലുകളിൽ ഒക്കെ വമ്പൻ നിരൂപക പ്രശംസ നേടിയ ഈ ചിത്രം ഇപ്പോഴാണ് സാധാരണ ജനങ്ങൾക്ക് മുന്നിലേക്ക് എത്തുന്നത്. കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ ആണ് ഈ ചിത്രം പ്രദർശനം ആരംഭിച്ചിരിക്കുന്നത്.
നിങ്ങൾക്കറിയാവുന്ന പോലെ സനൽ കുമാർ ശശിധരൻ ഒരുക്കിയ മൂന്നാമത്തെ ചിത്രമാണ് ഇത്. ഒരു രാത്രി നടക്കുന്ന സംഭവങ്ങൾ ആണ് ഈ ചിത്രത്തിൽ പറയുന്നത് . വ്യക്തമായ ഒരു തിരക്കഥയോ എഴുതപെട്ട കഥയോ ഇല്ലാതെ ഒരു പരീക്ഷണ ചിത്രമായാണ് ഇതൊരുക്കിയിരിക്കുന്നത്. ദുർഗാ ദേവിയുടെ ഒരു പ്രതിമയാണ് നമ്മൾ സ്‌ക്രീനിൽ കാണുന്നു . ഒരു ചുവന്ന തുണി കൊണ്ട് ആ പ്രതിമയുടെ മുഖം മൂടിയിരിക്കുകയാണ്. കുറച്ചു ആണുങ്ങൾ ആ പ്രതിമ ചുമക്കുകയാണ്. പെട്ടെന്ന് രുദ്രാക്ഷ മാല ധരിച്ചു മേൽ വസ്ത്രം അണിയാത്ത, കുങ്കുക നിറത്തിലുള്ള മുണ്ടു ചുറ്റിയ ആളുകൾ അവിടെ എത്തുകയും പിന്നീട്  അവർക്കു ചുറ്റുമാണ് ദൃശ്യങ്ങൾ സഞ്ചരിക്കാൻ തുടങ്ങുകയും ചെയ്യുന്നു . ആ കൂട്ടത്തിൽ വാദ്യ മേളത്തിനൊത്തു , അതിൽ പൂർണമായും മുഴുകി നൃത്തമാടുന്ന ആളുകളെയും  ഫോക്കസ് ചെയ്യുന്നുണ്ട്. അവിടെ നിന്ന് ആണ് ചിത്രം മുന്നോട്ടു പോകുന്നത്. ആ പ്രതിമയെ കത്തിച്ചു കളയുന്ന ഒരു ആചാരമാണ് അവിടെ നടക്കുന്നത്. അതിനു ശേഷം അതേ സിറ്റിയിൽ നടക്കുന്ന ചില കാര്യങ്ങൾ ആണ് ഈ ചിത്രം നമ്മളെ കാണിച്ചു തരുന്നത്. കബീർ, ദുർഗാ എന്നീ കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് പിന്നീട് കഥ വികസിക്കുന്നത്.ഒരു റോഡ് ത്രില്ലെർ പോലെയാണ് സംവിധായകൻ ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന് പറയാം . പക്ഷെ പ്രേക്ഷകർ ഇതുവരെ കാണാത്ത രീതിയിൽ കഥ പറയാനും അവർക്കു ഒരു വ്യത്യസ്ത ചലച്ചിത്രാനുഭവം സമ്മാനിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഒരുപാട് അർത്ഥ തലങ്ങൾ ഉള്ള കഥാ സന്ദർഭങ്ങൾ ആണ് സനൽ കുമാർ ശശിധരൻ ഈ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മുൻപിൽ വരച്ചിട്ടിരിക്കുന്നതു. ആണിന്റെയും പെണ്ണിന്റെയും വ്യത്യസ്ത  സാഹചര്യങ്ങളോടുള്ള പ്രതികരണ രീതി കൂടി വളരെ സൂക്ഷ്മമായി ഈ ചിത്രത്തിലൂടെ അനാവരണം ചെയ്യുന്നുണ്ട്.
ദുർഗാ ആയി അഭിനയിച്ച രാജശ്രീ ദേശ്പാണ്ഡെയും കബീർ ആയി അഭിനയിച്ച കണ്ണൻ നായരും ഗംഭീര പെർഫോമൻസ് തന്നെയാണ് കാഴ്ച വെച്ചത്. കഥാപാത്രങ്ങളുടെ സൂക്ഷ്മാംശങ്ങൾ പോലും തങ്ങളുടെ ശരീര ഭാഷയിലൂടെ ആവിഷ്കരിക്കാൻ  ഇരുവർക്കും കഴിഞ്ഞിട്ടുണ്ട്. അതുപോലെ മറ്റു കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ സുജീഷ് കെ എസ്, ബൈജു നെറ്റോ, അരുൺ സോൾ , വേദ്, ബിലാസ് നായർ, നിസ്താർ അഹമ്മദ്, സുജിത് കോയിക്കൽ, വിഷ്ണു ജിത് എന്നിവരും തങ്ങളുടെ വേഷങ്ങൾ ഭംഗിയായി അവതരിപ്പിച്ചു.  കാമറ ചലിപ്പിച്ച പ്രതാപ്[ ജോസഫ് നൽകിയ ദൃശ്യങ്ങൾ ഈ ചിത്രത്തിന്റെ ആത്മാവായി മാറിയപ്പോൾ ബേസിൽ ജോസെഫിന്റെ സംഗീതവും ചിത്രത്തിന്റെ മുന്നോട്ടുള്ള ഒഴുക്കിൽ നിർണ്ണായകമായി മാറി. സംവിധായകൻ സനൽ കുമാർ ശശിധരൻ തന്നെയാണ് ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്. പ്രേക്ഷകനെ മുഷിപ്പിക്കുന്നില്ല ഈ ത്രില്ലർ എന്നത് എഡിറ്റിംഗിനെ കൂടി മികവാണ്.ചുരുക്കി പറഞ്ഞ, വളരെ അപൂർവമായ ഒരു ചലച്ചിത്രാനുഭവം നമ്മുക്ക് പകർന്നു നൽകുന്ന ഒരു ചിത്രമാണ് സെക്സി ദുർഗാ. എല്ലാ അർഥത്തിലും വ്യത്യസ്തതയും പുതുമയും പുലർത്തുന്ന ഈ ചിത്രം തുറന്ന മനസ്സോടെ സിനിമയെന്ന കലയെ സമീപിക്കുന്നവർക്കു ഒരു അനുഭവമായിരിക്കും എന്നതിൽ സംശയമില്ല. സിനിമയുടെ പുതിയ ഭാഷയാണ് സെക്സി ദുർഗാ സംസാരിക്കുന്നതു. നമ്മൾ കാണാത്ത ചില കാര്യങ്ങൾ കാണിച്ചു താരനും നമ്മളെ ചിന്തിപ്പിക്കാനും പ്രേരിപ്പിക്കും ഈ ചിത്രം.
Share.

Comments are closed.