കമ്മാരൻ നിറഞ്ഞാടിയ കമ്മാരസംഭവം ! ജനമനസ്സുകൾ കീഴടക്കി ജനപ്രിയനായകൻ ! റിവ്യൂ വായിക്കാം

0
ഇന്ന് കേരളത്തിൽ പ്രദർശനമാരംഭിച്ച മലയാള  ചിത്രമാണ് മുരളി ഗോപി തിരക്കഥയൊരുക്കി, നവാഗതനായ രതീഷ് അമ്പാട്ട്  സംവിധാനം ചെയ്ത കമ്മാര സംഭവം എന്ന ബിഗ് ബജറ്റ് ചിത്രം  . ജനപ്രിയ നായകൻ ദിലീപ്, തമിഴ് നടൻ സിദ്ധാർഥ്, മുരളി ഗോപി  എന്നിവർ ഈ ചിത്രത്തിലെ  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഗോകുലം ഗോപാലൻ ആണ്  ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ കമ്മാര സംഭവം   നിർമ്മിച്ചിരിക്കുന്നത്.  ഈ ചിത്രത്തിന്റെ പോസ്റ്ററുകളും  ടീസറും ട്രെയ്‌ലറും എല്ലാം മികച്ച പ്രേക്ഷക അഭിപ്രായം നേടിയെടുത്തിട്ടുണ്ട്. അതുപോലെ തന്നെ ജനപ്രിയ നായകൻ ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രം എന്ന നിലയിലും  ഈ ചിത്രത്തെ വലിയ പ്രതീക്ഷയോടെ ആണ് പ്രേക്ഷകർ നോക്കി കണ്ടത്  .  രഹസ്യമായി നടന്ന ഷൂട്ടിങ്ങും വമ്പൻ പ്രമോഷനും കമ്മാര സംഭവത്തിന്റെ ഹൈപ്പ് കൂടാൻ കാരണമായിട്ടുണ്ട് എന്നതും എടുത്തു പറയണം.
ചിത്രത്തിന്റെ ടൈറ്റിൽ സൂചിപ്പിക്കുന്നതുപോലെ കമ്മാരൻ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ദിലീപാണ് കമ്മാരൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തിന്റെ ഒരു മനുഷ്യായുസ്സു മുഴുവൻ ഈ ചിത്രത്തിലൂടെ നമ്മുക്ക് മുന്നിൽ അവതരിപ്പിക്കുന്നുണ്ട് എന്ന് പറയാം. രണ്ടാം ലോക മഹായുദ്ധകാലത്തെ സംഭവങ്ങൾ പോലും ഈ ചിത്രത്തിന്റെ കഥയുടെ ഒരു ഭാഗമാണ്. സിദ്ധാർഥ് അവതരിപ്പിക്കുന്ന ഒതേനൻ, മുരളി ഗോപിയുടെ കേളു, നമിത പ്രമോദിന്റെ ഭാനുമതി എന്നിവരും ഈ കഥയിൽ നിർണ്ണായക പങ്കു വഹിക്കുന്നു.
 മലയാള സിനിമ കണ്ടിട്ടുള്ള ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നൊരുക്കി കൊണ്ട് തന്നെയാണ് രതീഷ് അമ്പാട്ട് എന്ന സംവിധായകൻ  ഇപ്പോൾ അരങ്ങേറ്റം കുറിച്ചിരിക്കുന്നത് എന്ന് പറയാം.. ഏറ്റവും മികവോടെയും അതോടൊപ്പം  മനോഹരവുമായാണ്  ഈ സംവിധായകൻ കമ്മാര സംഭവം നമ്മുക്ക് മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്.  ഒരേ സമയം തന്നെ സാങ്കേതിക തികവ് കൊണ്ടും  അവതരണ മികവ് കൊണ്ടും പ്രേക്ഷകനെ വിസ്മയിപ്പിക്കുന്ന ഈ ചിത്രം ഒരുപക്ഷെ മലയാള സിനിമയുടെ മുന്നോട്ടുള്ള വളർച്ചയിൽ നിർണ്ണായകമായി  മാറും എന്ന കാര്യത്തിൽ സംശയമൊന്നുമില്ല .  മുരളി ഗോപി ഒരുക്കിയ അതിശക്തമായ  ഒരു   തിരക്കഥ തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്  . അദ്ദേഹത്തിന്റെ  തിരക്കഥ  വൈകാരിക തീവ്രത കൊണ്ടും കഥയുടെ ആഴം കൊണ്ടും വ്യത്യസ്തമായ കഥാപാത്ര രൂപീകരണം  കൊണ്ടും ഗംഭീരമായപ്പോൾ , അതിനു അത്ഭുതപ്പെടുത്തുന്ന  മികവോടെയുള്ള  ദൃശ്യാവിഷ്കാരമാണ് സംവിധായകൻ നൽകിയത്.. കമ്മാരൻ എന്ന കഥാപാത്രം ആണ് കേന്ദ്ര കഥാപാത്രം എങ്കിലും എല്ലാ കഥാപാത്രങ്ങൾക്കും വ്യക്‌തമായ പ്രാധാന്യം നൽകിയത് ചിത്രത്തെ കൂടുതൽ മികച്ചതാക്കി എന്ന് എടുത്തു പറയണം. ഇത് വരെ നമ്മൾ കാണാത്ത ഒരു അനുഭവം ഒരുക്കിയപ്പോഴും എല്ലാ തരം വിനോദ ഘടകങ്ങളും സമർഥമായി കോർത്തിണക്കാനും സങ്കീർണ്ണമായ കഥ സന്ദർഭങ്ങൾ പ്രേക്ഷകനെ ആവേശം കൊള്ളിക്കും വിധം അവതരിപ്പിക്കുവാനും സംവിധായകൻ കാണിച്ച മിടുക്കു അഭിനന്ദനം അർഹിക്കുന്നു. സംഭാഷണങ്ങൾ ഗംഭീരമായിരുന്നു  എന്നതും എടുത്തു പറയണം.
ദിലീപ്, സിദ്ധാർഥ്, മുരളി ഗോപി  എന്നിവർ നൽകിയ ഏറ്റവും മികച്ച   പ്രകടനമാണ് ഈ ചിത്രത്തിന്റെ ആത്മാവായി മാറിയത്  . തങ്ങൾ അവതരിപ്പിച്ച  കഥാപാത്രങ്ങൾക്ക് ഇവർ മൂവരും പകർന്നു നൽകിയ തീവ്രത തന്നെയാണ്  ഈ ചിത്രത്തെ മികവിന്റെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയത്. വിവിധ ഗെറ്റപ്പുകളിൽ ദിലീപ് നടത്തിയ പകർന്നാട്ടം  അതിഗംഭീരം ആയിരുന്നു. അദ്ദേഹത്തിന്റെ കരിയർ ബെസ്റ്റ് എന്ന് ധൈര്യമായി പറയാവുന്ന പെർഫോമൻസ് ആണ് കമ്മാരൻ ആയി ദിലീപ്  നൽകിയത്. ഒതേനൻ  എന്ന കഥാപാത്രമായി സിദ്ധാർഥ് മികവുറ്റ പ്രകടനം  കാഴ്ച വെച്ചപ്പോൾ മുരളി ഗോപി കാറ്റ് എന്ന ചിത്രത്തിന് ശേഷം ഒരിക്കൽ കൂടി വിസ്മയിപ്പിച്ചു.   ഭാനുമതി  നായികാ കഥാപാത്രത്തെ   അവതരിപ്പിച്ച നമിത പ്രമോദ്  മികച്ച പ്രകടനത്തിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയെടുത്തു  എന്ന് സംശയമില്ലാതെ പറയാം . മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ബോബി സിംഹ, കെന്നി, ശ്വേതാ  മേനോൻ, മണിക്കുട്ടൻ, വിജയ രാഘവൻ, ഇന്ദ്രൻസ്, സിദ്ദിഖ്, വിനയ് ഫോർട്ട്, സുധീർ കരമന, സന്തോഷ് കീഴാറ്റൂർ, അഞ്ജലി അനീഷ് ഉപാസന, ദിവ്യ പ്രഭ  ,  എന്നിവരും തങ്ങളുടെ ഭാഗങ്ങൾ മനോഹരമാക്കിയിട്ടുണ്ട്.
സുനിൽ കെ എസ് എന്ന ക്യാമറാമാൻ  ഒരുക്കിയ ദൃശ്യങ്ങൾ ചിത്രത്തെ ഉയർത്തിയത് സാങ്കേതിക മികവിന്റെ ഉയരങ്ങളിലേക്കാണ് . വേൾഡ് ക്ലാസ്  നിലവാരമുള്ള ദൃശ്യങ്ങളാണ്  അദ്ദേഹം  ഈ ചിത്രത്തിനായി ഒരുക്കിയത് എന്ന് പറയേണ്ടി വരും . അതുപോലെ ഗോപി സുന്ദർ ഒരിക്കൽ കൂടി മികച്ച  സംഗീതത്തിലൂടെ ചിത്രത്തെ പ്രേക്ഷകരുടെ ഹൃദയങ്ങളിലേക്ക് അടുപ്പിക്കുന്നതിൽ നിർണ്ണായക  പങ്കു വഹിച്ചപ്പോൾ, സുരേഷ്  ഒരു എഡിറ്റർ എന്ന നിലയിൽ കാണിച്ച മികവാണ് ഈ ചിത്രത്തിന് മികച്ച വേഗത പ്രദാനം ചെയ്തത്. റസൂൽ പൂക്കുട്ടിയുടെ ശബ്ദ  മിശ്രണവും ഗംഭീരമായിരുന്നു. കമ്മാര സംഭവത്തെ കുറിച്ച് ചുരുക്കി പറഞ്ഞാൽ,  ഒരിക്കലൂം നഷ്ട്ടപെടുത്തരുതാത്ത ഒരു മികച്ച സിനിമാനുഭവമാണ് ഈ  ചിത്രം . എല്ലാ അർഥത്തിലും ക്ലാസിക് എന്ന് വിശേഷിപ്പിക്കാനാകുന്ന ഒരു ചലച്ചിത്രമാണ് ഈ ദിലീപ് ചിത്രം. മലയാള സിനിമയിലെ ഒരു പുതിയ നാഴികക്കല്ല് എന്ന് വിശേഷിപ്പിക്കാവുന്ന ഈ ചിത്രം എല്ലാ തരം പ്രേക്ഷകരെയും വിസ്മയം കൊള്ളിക്കും എന്നത് തീർച്ച.
Share.

Comments are closed.