ഒരു എഞ്ചിനീയറിംഗ് കോളജിലെ ആദ്യത്തെ മെക്കാനിക്കൽ ബാച്ചിന്റെ ഉത്ഘാടനത്തോടെയാണ് ചിത്രത്തിന്റെ കഥ തുടങ്ങുന്നത്. ആൺകുട്ടികൾ മാത്രമുള്ള ആ ബാച്ചിൽ രണ്ടാം വര്ഷം ഒരു പെൺകുട്ടി വന്നു ചേരുന്നതോടെ ചിത്രത്തിന്റെ കഥ ഗതി മാറുന്നു. പതുക്കെ പതുക്കെ എ ആൺകുട്ടി അതിലെ എല്ലാ ആൺകുട്ടികളുടെയും പ്രീയപെട്ടവളായി മാറുന്നു എന്ന് മാത്രമല്ല മെക്കാനിക്കൽ ബാച്ചിലെ ക്വീൻ ആയി അവൾ അറിയപ്പെടുന്നു. ഈ സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.
ഡിജോ ജോസ് ആന്റണിക്കു തന്റെ സംവിധായകൻ ആയി ഉള്ള അരങ്ങേറ്റം വളരെ മികച്ചതാക്കാൻ കഴിഞ്ഞു എന്ന് നിസംശയം പറയാൻ സാധിക്കും. ഒരു തുടക്കക്കാരന്റെ പതർച്ചകൾ ഇല്ലാതെ തന്നെ ഈ ക്യാമ്പസ് ചിത്രത്തെ എല്ലാ വിധ രസക്കൂട്ടുകളും ചേർത്ത് ഭംഗിയായി അവതരിപ്പിക്കാൻ ഡിജോക്ക് കഴിഞ്ഞു. ക്യാമ്പസ് ബേസ് ചെയ്തുള്ള ഫൺ മൂവീസ് മലയാളത്തിൽ മുന്നേ വന്നിട്ടുണ്ടെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തമായി തന്നെ ഈ ചിത്രം അവതരിപ്പിക്കാൻ സംവിധായകന് കഴിഞ്ഞു. ഷാരിസ് മുഹമ്മദ്, ജിബിൻ ജോസ് ആന്റണി എന്നിവർ ചേർന്നെഴുതിയ തിരക്കഥയും മികവ് പുലർത്തി . ഒരു വിനോദ ചിത്രത്തിന് ആവശ്യമായ ഘടകങ്ങൾ എല്ലാം ചേരുംപടി ചേർക്കാൻ അവർക്കു കഴിഞ്ഞു എന്ന് സംശയമില്ലാതെ പറയാം . ക്യാമ്പസ് ലൈഫും പ്രണയവും ത്രില്ലും കോമെഡിയും എല്ലാം ഒരു പോലെ മികച്ച രീതിയിൽ ആവിഷ്കരിക്കാൻ അവർക്കു കഴിഞ്ഞു എന്നതാണ് ഈ ചിത്രത്തിന്റെ വിജയം.
സുരേഷ് ഗോപി ഒരുക്കിയ ദൃശ്യങ്ങൾ ചിത്രത്തിന്റെ സാങ്കേതിക വശത്തിനു വലിയ മുതൽക്കൂട്ടായപ്പോൾ സാഗർ ദാസിന്റെ എഡിറ്റിംഗ് ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ എന്ന രീതിയിൽ ചിത്രത്തിന്റെ വേഗതയിൽ ഉള്ള മുന്നോട്ടു പോക്കിനെ സഹായിച്ചു എന്ന് പറയാം . ജേക്സ് ബിജോയ് ഒരുക്കിയ സംഗീതവും ചിത്രത്തിന്റെ കഥ പറച്ചിലിനെ വളരെയധികം സഹായിച്ചു എന്ന് പറയാതെ വയ്യ. അത്ര മനോഹരമായിരുന്നു ഈ സംഗീത സംവിധായകൻ ഒരുക്കിയ ഗാനങ്ങൾ.
ചുരുക്കി പറഞ്ഞാൽ ക്വീൻ മികച്ച ഒരു ക്യാമ്പസ് എന്റെർറ്റൈനെർ ആണ്. എല്ലാ രീതിയിലും നിങ്ങളെ രസിപ്പിക്കുന്ന ഒരു ചിത്രം ആണ് ക്വീൻ എന്ന് ഉറപ്പായിച്ചു പറയാൻ സാധിക്കും. പുതുമയേറിയ ഒരു വിഷയവും പുതിയ അവതരണ ശൈലിയും കൊണ്ട് നിങ്ങള്ക്ക് സന്തോഷം പകരുന്ന ഒരു കൊച്ചു വലിയ ചിത്രമാണെന്ന് ക്വീൻ.