മോഹൻലാൽ ചിത്രം നീരാളിയുടെ പുതിയ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

0
കമ്പ്ലീറ്റ് ആക്ടർ മോഹൻലാലിൻറെ ഈ വർഷത്തെ ആദ്യ റിലീസ് ആണ് ബോളിവുഡ് സംവിധായകൻ അജോയ് വർമ്മ ഒരുക്കിയ നീരാളി. ഈ വരുന്ന ജൂൺ പതിനഞ്ചിനാണ്‌ നീരാളി റിലീസ് ചെയ്യാൻ ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും വടക്കൻ കേരളത്തിൽ പടർന്നു പിടിച്ച നിപ്പ പനി കാരണം ആരാധകരുടെയും സിനിമാ പ്രേമികളുടെയും ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്നവരുടെ നിർദേശവും പരിഗണിച്ചു നീരാളി റിലീസ് മാറ്റി വെക്കുകയായിരുന്നു. ഇപ്പോഴിതാ നീരാളിയുടെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. അടുത്ത മാസം , അതായത് ജൂലൈ 12 നു ആണ് നീരാളി റിലീസ് ചെയ്യാൻ പോകുന്നത്.
വേൾഡ് വൈഡ് റിലീസ് ആയാവും ഈ ചിത്രം പ്രദർശനത്തിന് എത്തുക. ഒരേ സമയം തന്നെ കേരളത്തിലും കേരളത്തിന് പുറത്തുമെല്ലാം നീരാളി റിലീസ് ചെയ്യും. നവാഗതനായ സാജു തോമസ് തിരക്കഥ രചിച്ച ഈ സർവൈവൽ ത്രില്ലർ നിർമ്മിച്ചിരിക്കുന്നത് മൂൺ ഷോട്ട് എന്റർടൈൻമെന്റിനെ ബാനറിൽ സന്തോഷ് ടി കുരുവിള ആണ്. സ്റ്റീഫൻ ദേവസ്സി സംഗീതം പകർന്ന ഈ ചിത്രത്തിലെ രണ്ടു ഗാനങ്ങൾ ഇതിനോടകം പുറത്തിറങ്ങുകയും ആ രണ്ടു ഗാനങ്ങളും സൂപ്പർ ഹിറ്റായി മാറുകയും ചെയ്തു. അതിൽ ഒരു ഗാനം മോഹൻലാലും ശ്രേയ ഘോഷാലും ചേർന്നാണ് ആലപിച്ചിരിക്കുന്നത്.
ഒട്ടനവധി ബോളിവുഡ് സാങ്കേതിക വിദഗ്ദ്ധർ ജോലി ചെയ്തിരിക്കുന്ന ഈ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിച്ചത്  സന്തോഷ് തുണ്ടിയിലും ഈ ചിത്രത്തിന് ആക്ഷൻ രംഗങ്ങൾ ഒരുക്കിയത് സുനിൽ റോഡ്രിഗ്രസും ആണ്. സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തൻ, നാസ്സർ, നദിയ മൊയ്‌ദു തുടങ്ങിയവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗമാണ്. വടക്കൻ കേരളത്തിലെ വേൾഡ് കപ്പ് ഫുട്ബോൾ ക്രേസും കനത്ത മഴയും ഈദ് ചിത്രങ്ങളുടെ ബോക്സ് ഓഫീസ് പ്രകടനത്തെ വളരെ വലുതായി ബാധിക്കും എന്നത് കൊണ്ട് കൂടിയാണ് ഒരുപാട് ചിത്രങ്ങൾ ഒരുമിച്ചു റിലീസ് ചെയ്യാതെ ചില ചിത്രങ്ങൾ റിലീസ് മാറ്റിയത്. മോഹൻലാൽ ചിത്രത്തോടൊപ്പം പ്രിത്വി രാജ് ചിത്രവും റിലീസ് മാറ്റിയിരുന്നു.
Share.

Comments are closed.