സൂപ്പർ ഹിറ്റ് ചിത്രം അരവിന്ദന്റെ അതിഥികളുടെ വിജയത്തിൽ പങ്ക് ചേർന്നു തിരക്കഥാകൃത്ത് രാജേഷ് രാഘവൻ – ഇന്റർവ്യൂ

0
അരവിന്ദന്റെ അതിഥികൾ എന്ന ചിത്രം കരിയറിലെ തന്നെ ഏറ്റവും വലിയ വിജയം ആയി മാറിയല്ലോ..എന്ത് തോന്നുന്നു ഈ അവസരത്തിൽ..? ഇത്ര വലിയ വിജയം പ്രതീക്ഷിച്ചിരുന്നോ..?
അങ്ങനെ പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ ഇതൊരു നല്ല ചിത്രം ആവുമെന്ന് തീർച്ചയായും പ്രതീക്ഷിച്ചിരുന്നു. ഈ ചിത്രം പ്രേക്ഷകരെ പൂർണ്ണമായും രസിപ്പിക്കുമെന്നും അവർക്കു ഒരുപാട് ഇഷ്ടമാകുമെന്നും വിശ്വാസം  ഉണ്ടായിരുന്നു. പക്ഷെ ഇത്ര വലിയ കളക്ഷൻ നേടുമെന്നോ ബോക്സ് ഓഫീസിൽ  ഇപ്പോൾ നേടുന്ന ഈ വലിയ വിജയം നേടുമെന്നോ പ്രതീക്ഷിച്ചിരുന്നില്ല.
എം മോഹനൻ  എന്ന സംവിധായകൻ മലയാളിത്തമുള്ള ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ചിട്ടുള്ള  ആളാണ്; താങ്കളുടെ രചനകളും എന്നും സാധാരണക്കാരായ കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ്. ആ ഒരു ഫാക്ടർ ആണോ അരവിന്ദന്റെ വിജയ രഹസ്യം..?
ആ ഒരു ഫാക്ടർ ആണെന്ന് പറയാൻ കഴിയില്ല. കാരണം എനിക്ക് അറിയാവുന്ന ജീവിത സാഹചര്യങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞു വരുന്ന കഥകളെ ഞാൻ ഇതുവരെ പറഞ്ഞിട്ടുള്ളു. ഒരു കോടീശ്വരന്റെ കഥ പറയുന്നതിലും നന്നായി എനിക്ക് പറയാൻ കഴിയുന്നത്  എനിക്ക് പരിചിതമായ മിഡിൽ ക്ലാസ് ജീവിത സാഹചര്യങ്ങളിൽ നിന്ന് കിട്ടുന്ന കഥകളും അനുഭവങ്ങളുമാണ്. അപ്പോൾ അത്തരത്തിൽ വളരെ സ്വാഭാവികമായാണ് സാധാരണക്കാരുടെ കഥകൾ മനസ്സിൽ വരുന്നത്. അങ്ങനെ സാധാരണക്കാരുടെ കഥ പറഞ്ഞു എന്നത് കൊണ്ട് മാത്രം ഒരു ചിത്രം വിജയമാവണം എന്നിലലോ . പറയുന്ന കഥ ഏതായാലും അത് പ്രേക്ഷകരുമായി കണക്ട് ആവുന്നതിലാണ് വിജയം.
ഹാസ്യത്തിന് എന്നും താങ്കളുടെ ചിത്രങ്ങളിൽ വലിയ പ്രാധാന്യം കൊടുത്തിട്ടുണ്ട്..മനപ്പൂർവം അങ്ങനെ പ്രാധാന്യം  കൊടുക്കുന്നത് ആണോ അതോ പറയാൻ ഉദ്ദേശിക്കുന്ന കഥയിൽ സ്വാഭാവികമായി അങ്ങനത്തെ സന്ദർഭങ്ങൾ ഉണ്ടായി വരുന്നതാണോ..?
ഒരു വ്യക്തി എന്ന നിലയിൽ എന്നിൽ ഇപ്പോഴും  ഉണ്ടാകുന്ന രണ്ടു വികാരങ്ങൾ സന്തോഷം- സങ്കടം അല്ലെങ്കിൽ ചിരി- കണ്ണീര് എന്നിവയാണ്. ആ ഒരു ഫാക്ടർ  എന്റെ രചനകളിലും കടന്നു വരുന്നത് സ്വാഭാവികമായാണ്. ഇപ്പോൾ അരവിന്ദന്റെ അതിഥികളിൽ തന്നെ കാത്തിരിപ്പ് എന്ന ഒരു തീം ആണ് ഉപയോഗിച്ചിരിക്കുന്നത്. കാത്തിരിപ്പുകൾ എന്നും ഡ്രൈ ആണ്. നമ്മൾ ചെയ്തതത് അതിലേക്കു അരവിന്ദന്റെ അതിഥികൾ ആയി കടന്നു വരുന്നവരുടെ സന്തോഷവും മറ്റു കൂട്ടി ചേർക്കുകയും അവരുടെ സന്തോഷവും സങ്കടവും ചിരിയും കണ്ണീരുമെല്ലാം അരവിന്ദന്റെ കാത്തിരിപ്പുമായി ഇഴചേർക്കുകയുമാണ്. ഹാസ്യത്തിന് വേണ്ടി ഹാസ്യം സൃഷ്ടിക്കാറില്ല. മുഴച്ചു നിൽക്കാത്ത രീതിയിൽ കഥാ സന്ദര്ഭങ്ങൾക്കു അനുയോജ്യമായി വരുന്ന ഹാസ്യമേ രചനകളിൽ ഉണ്ടാകാറുള്ളൂ എന്നാണ് എന്റെ വിശ്വാസം.
അരവിന്ദന്റെ  അതിഥികൾ രചിക്കുമ്പോൾ തന്നെ അരവിന്ദൻ ആയി വിനീത് ശ്രീനിവാസനെ ആണോ മനസ്സിൽ കണ്ടത്..?
അല്ല. എന്റെ ആദ്യ ചിത്രമായ വാദ്ധ്യാർ അഴിഞ്ഞപ്പോൾ മുതൽ മനസ്സിലുള്ള കഥയാണ് അരവിന്ദന്റെ അതിഥികൾ. ഇതേ  പേരിൽ തന്നെ ഒരു ചെറുകഥ പോലെ മനസ്സിൽ കൊണ്ട് നടന്ന ഒന്നായിരുന്നു ഇത്. അതിനു ശേഷം ഈ കഥ ചെയ്യാൻ ആലോചിച്ചു എങ്കിലും മറ്റു ചില കാരണങ്ങൾ കൊണ്ട് ഇത് നടക്കാതെ പോവുകയും അതിനു ശേഷം വേറെ ചില പ്രൊജെക്ടുകൾ കേറി വരികയും ചെയ്തു. അങ്ങനെയിരിക്കുമ്പോൾ ആണ് പ്രൊഡക്ഷൻ കൺട്രോളർ ആയ ഷാജി കാവനാട് എം മോഹനൻ കഥകൾ തിരയുകയാണ് എന്ന് പറയുന്നത്. ഈ കഥ നേരത്തെ അറിയാവുന്ന ഷാജി ആണ് ഇത് വർക്ക് ഔട്ട് ആവുമെന്ന് പറയുന്നതും എം മോഹനനെ കാണാൻ പ്രേരിപ്പിക്കുന്നതും. അങ്ങനെ അദ്ദേഹത്തെ കണ്ടു കഥ പറയുകയും , അദ്ദേഹത്തിന് കഥ ഇഷ്ടമാവുമായും പിന്നീട് വിനീത് ശ്രീനിവാസൻ ഈ പ്രോജെക്ടിലേക്കു വരികയുമാണ് ഉണ്ടായതു.
താങ്കളുടെ രചനകളിൽ ബന്ധങ്ങൾക്ക്‌ വലിയ പ്രാധാന്യത്തെ കൊടുക്കുന്നുണ്ട്. ‘അമ്മ- മകൻ ബന്ധം, അച്ഛൻ- മകൻ ബന്ധം, സുഹൃത്ത് ബന്ധം, ഭാര്യ- ഭർതൃ ബന്ധം തുടങ്ങി..കുടുംബ പ്രേക്ഷകരെ മനസ്സിൽ കണ്ടാണോ എന്നും എഴുതുന്നത്..?
എല്ലാത്തരം പ്രേക്ഷകർക്കും രസിക്കണം എന്ന ഉദ്ദേശത്തോടെയാണ് ഓരോ ചിത്രവും രചിക്കുന്നത്. ഒരു പ്രത്യേക വിഭാഗം  പ്രേക്ഷകർക്ക് വേണ്ടി രചിക്കുക എന്നതിലുപരി , എല്ലാവർക്കും ഇഷ്ടമാവുന്ന നല്ല ചിത്രങ്ങൾ ഉണ്ടാക്കുക എന്നതാണ് ലക്‌ഷ്യം. മാത്രമല്ല, എന്റെ ചിത്രങ്ങളിൽ നിന്ന് മോശമായ കാര്യങ്ങൾ ഒന്നും പ്രേക്ഷകർക്ക് കിട്ടാതിരിക്കാനും ശ്രദ്ധിക്കാറുണ്ട്. സിനിമ മെസ്സേജ് കൊടുക്കാൻ ഉള്ള മാധ്യമം ആണെന്ന് ഞാൻ  വിശ്വസിക്കുന്നില്ല. പക്ഷെ വിനോദം പകർന്നു  നൽകുമ്പോൾ അതിൽ മോശമായി ഒന്നും ഉണ്ടാകരുത് എന്ന് ആഗ്രഹിക്കുന്നു.
കുടുംബ ചിത്രങ്ങളിൽ നിന്ന് മാറി ചിന്തിച്ചു ഒരു പക്കാ ആക്ഷൻ ചിത്രമോ, ഒരു മാസ്സ് എന്റെർറ്റൈനെറോ ത്രില്ലറോ എഴുതണം എന്ന് ആഗ്രഹമില്ലേ..?
വാദ്ധ്യാർ മുതൽ അരവിന്ദന്റെ അതിഥികൾ വരെയുള്ള എന്റെ ഏതു ചിത്രമെടുത്താലും അതെല്ലാം ഒന്നിനൊന്നു വ്യത്യസ്തമായ കഥകളാണ് പറയുന്നത്. എപ്പോഴും വ്യത്യസ്തമായ കഥകൾ പറയണം എന്ന് തന്നെയാണ് ആഗ്രഹം. മാസ്സ് എന്റെർറ്റൈനെറുകളും എഴുതാൻ പ്ലാൻ ഉണ്ട്. അധികം വൈകാതെ തന്നെ അങ്ങനെ ഒരു പ്രൊജക്റ്റ്  സംഭവിക്കട്ടെ. ചില ചർച്ചകൾ നടക്കുന്നു. അത് ഫലപ്രാപ്തിയിൽ എത്തിയാൽ തീർച്ചയായും മാസ്സ് ചിത്രങ്ങൾ പ്രതീക്ഷിക്കാം.
സംവിധാനം എന്ന ചിന്ത മനസ്സിലുണ്ടോ..സമീപ ഭാവിയിൽ ആ രൂപത്തിലും കാണാൻ കഴിയുമോ..?
വളരെ പ്രസക്തമായൊരു ചോദ്യമാണത്. തിരക്കഥാകൃത്തുക്കൾ എന്തുകൊണ്ട് സംവിധായകനാകുന്നു  എന്നത് എനിക്ക് ഇപ്പോൾ ശെരിക്കു മനസ്സിലാവുന്നുണ്ട്. അതിന്റെ വലിയ ചർച്ചകളിലേക്ക് പോകുന്നില്ല. കാരണം ചിലപ്പോൾ അത് പിന്നീട് വിവാദങ്ങൾ സൃഷ്ടിച്ചേക്കാം. പക്ഷെ ഇപ്പോൾ എഴുത്തുകാരൻ എന്ന നിലയിൽ കമ്മിറ്റ് ചെയ്തിട്ടുള്ള പ്രൊജെക്ടുകൾ തീർത്തു കഴിഞ്ഞാൽ സംവിധാനം ചെയ്യണം എന്നത് ഒരു തീരുമാനമാണ്.
ഇനി വരുന്ന പ്രൊജെക്ടുകളെ കുറിച്ച്..? അരവിന്ദൻ ശെരിക്കും കരിയറിൽ ഒരു ബ്രേക്ക് അല്ലേ നൽകിയത്..?
തീർച്ചയായും. ഇതിനും മുൻപും കൊമേർഷ്യൽ ആയി വിജയം നേടിയ ചിത്രങ്ങൾ ചെയ്തിട്ടുണ്ട് എങ്കിലും ഒരു എഴുത്തുകാരൻ എന്ന  നിലയിൽ പ്രേക്ഷകരുടെ ശ്രദ്ധയും അംഗീകാരവും നേടിത്തന്നത് അരവിന്ദന്റെ അതിഥികൾ ആണ്. ഈ ചിത്രം നേടിയ വിജയം  തന്നെയാണ് ഇപ്പോൾ ഇത്രയധികം ശ്രദ്ധ നേടിത്തന്നത്. അടുത്തതായി ചെയ്യാൻ പോകുന്നത് ഒരു പ്രണയ ചിത്രമാണ്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തു വിടാൻ നിർവാഹമില്ല. പക്ഷെ ഞാൻ ഇതുവരെ എഴുതിയതിൽ നിന്നെല്ലാം ഒരുപാട് വ്യത്യസ്തത പുലർത്തുന്ന ഒരു ചിത്രം തന്നെയാവും  ഇതെന്ന് വിശ്വസിക്കുന്നു.
ലാലേട്ടൻ- മമ്മുക്ക എന്നിവർക്ക് വേണ്ടി എഴുതാൻ ആഗ്രഹമില്ലേ..? അവർക്കു വേണ്ടി മനസ്സിൽ കഥകൾ ഉണ്ടോ..?
തീർച്ചയായും. അവർക്കു രണ്ടു പേർക്കും പറ്റിയ കഥകൾ മനസ്സിലുണ്ട്. സമയവും സന്ദർഭവും  വരുമ്പോൾ തീർച്ചയായും ചെയ്യണം എന്നാഗ്രഹം ഉണ്ട്. നമ്മൾ അവരെ കാണാൻ ആഗ്രഹിക്കുന്ന രീതിയിൽ തന്നെ അവരെ അവതരിപ്പിക്കുന്ന തരത്തിലുള്ള ചിത്രങ്ങളും അവരിലെ നടന്മാർക്കിണങ്ങുന്ന കഥാപാത്രങ്ങളും തന്നെയാണ് മനസ്സിലുള്ളത്.
മലയാള സിനിമ ഇപ്പോൾ വമ്പൻ ചിത്രങ്ങളിലേക്ക് തിരിഞ്ഞിരിക്കുകയാണ്‌. അതിനെ കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്..പ്രത്യേകിച്ചും ചെറിയ ചിത്രങ്ങളും ഭാഷയുടെ  അതിർവരമ്പുകൾ ഭേദിക്കുന്ന ഈ സമയത്തു.
കണ്ടൻറ് അഥവാ കഥയാണ് താരം. അതിനു അനുസരിച്ചാണ് ബഡ്ജറ്റും മറ്റും നിർണ്ണായകമാവുന്നതു. ചെറിയ ചിത്രമോ വലിയ  ചിത്രമോ എന്ന് തീരുമാനിക്കുന്നത് പോലും  അതിന്റെ കഥയാണ്. കഥാ പശ്ചാത്തലം ആണ് ബജറ്റ് അല്ലെങ്കിൽ ചിത്രത്തിന്റെ വലിപ്പം തീരുമാനിക്കുന്നത്. പ്രേക്ഷകരും ചിത്രത്തിന്റെ ബജറ്റ് അല്ലല്ലോ  നോക്കുന്നത്. അതിന്റെ കഥയും കഥാപാത്രങ്ങളും അവരെ രസിപ്പിക്കുന്നുണ്ടോ എന്നാണല്ലോ. ഇപ്പോൾ തന്നെ ഈ വർഷം ഞാൻ കണ്ടതിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട ചിത്രം സുഡാനി ഫ്രം നൈജീരിയ ആണ്. അതൊരു ചെറിയ ബഡ്ജറ്റിൽ ഒരുക്കിയ ചിത്രമാണ്. അതുപോലെ തന്നെ ബാഹുബലി പോലത്തെ ചിത്രങ്ങളും ഞാൻ ആസ്വദിക്കുന്നു. അപ്പോൾ എന്താണ് ഒരു ചിത്രത്തിലൂടെ പറയുന്നത് എന്നതാണ് കാര്യം. ആ കണ്ടൻറ് തന്നെയാണ് ചിത്രത്തെ വലുതും ചെറുതുമാക്കുന്നതു.
Share.

Comments are closed.