എം ബി പദ്മ കുമാറിന്റെ ടെലിസ്കോപ് വരുന്നു; ബാലാജി ശർമ്മ നായക വേഷത്തിൽ..!

0
പ്രശസ്ത നടനും സംവിധായകനുമായ എം ബി പദ്മ കുമാർ ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണ് ടെലിസ്കോപ്പ്. പ്രശസ്ത  നടൻ ബാലാജി ശർമ്മ നായകൻ ആയി എത്തുന്ന ഈ ചിത്രം സ്വാതന്ത്ര്യാനന്തരമുള്ള ഇന്ത്യയുടെ പശ്ചാത്തലത്തിൽ ആണ് കഥ  പറയുന്നത്. അറുപത്തിരണ്ടു അടി താഴ്ചയുള്ള ഒരു വലിയ കുഴിയിൽ അകപ്പെട്ടു പോയി,  അതിനുള്ളിൽ അതിജീവനത്തിനായി പൊരുതുന്ന എട്ടു കഥാപാത്രങ്ങളിലൂടെയാണ് ഈ ചിത്രം കഥ പറയുന്നത്. അതിനുള്ളിൽ വെച്ചും ജാതി, മതം, പവർ എന്നിങ്ങനെയുള്ള ഓരോന്നിനാൽ പരസ്പരം അകൽച്ച കാണിക്കുന്ന അവർ അതിൽ നിന്ന് രക്ഷപെടാൻ പോലും പരസ്പരം സഹായിക്കാതെ ഇരിക്കുന്ന അവസ്ഥയും ഈ ചിത്രത്തിലൂടെ പറയുന്നു.
ഗുണ അനുരാഗ് ദൃശ്യങ്ങൾ ഒരുക്കുന്ന ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് അബി സാൽവിൻ തോമസ് ആണ്. പികെ ആർ ഫിലിംസ് ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. 2014 ഇൽ ഒരുക്കിയ മൈ ലൈഫ് പാർട്ണർ എന്ന ചിത്രവും 2015 ഇൽ ഒരുക്കിയ രൂപാന്തരം എന്ന ചിത്രവുമാണ് എം ബി പദ്മ കുമാർ ഇതിനു മുൻപേ സംവിധാനം ചെയ്തത്. ഇതിൽ അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ മൈ ലൈഫ് പാർട്ണർ നാല്  സംസ്ഥാന അവാർഡുകൾ ആണ് നേടിയത്. മികച്ച രണ്ടാമത്തെ ചിത്രം, മികച്ച നടൻ, മികച്ച പശ്ചാത്തല സംഗീതം, മികച്ച സൗണ്ട് മിക്സ് എന്നീ അവാർഡുകൾ ആയിരുന്നു അവ. എം ബി പദ്മ കുമാറിന്റെ രണ്ടാമത്തെ ചിത്രവും ഇന്ത്യൻ പനോരമയിലേക്കും അതുപോലെ ഓൾ ലൈറ്സ് ഇന്ത്യ ഇന്റർനാഷണൽ ഫിലിം  ഫെസ്റിവലിലേക്കും ഒക്കെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ടെലിസ്കോപ്പിലെ പ്രധാന വേഷം അവതരിപ്പിക്കുന്ന  ബാലാജി ശർമ്മ അറിയപ്പെടുന്നത് തന്നെ അമ്പതു കോടി ചിത്രങ്ങളിലെ അഭിനേതാവ് എന്നാണ്. മലയാളത്തിൽ ഇറങ്ങി അമ്പതു കോടി കളക്ഷൻ നേടിയ ഒട്ടുമിക്ക ചിത്രങ്ങളിലും ബാലാജി ശർമ്മ അഭിനയിച്ചിട്ടുണ്ട് എന്നത് തന്നെ കാരണം. വളരെ ശ്രദ്ധേയമായ പ്രകടനങ്ങൾ കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിട്ടുള്ള ആളാണ് ബാലാജി ശർമ്മ എന്നത് കൊണ്ട് തന്നെ ടെലിസ്കോപ്പിലെ ഈ വേറിട്ട വേഷം അദ്ദേത്തിന്റെ ബെസ്റ്റ് നമ്മുക്ക് കാണിച്ചു തരും എന്ന് പ്രതീക്ഷിക്കാം.
Share.

Comments are closed.