പ്രണയം മാത്രമല്ല ഈ ” ഈട ” ഇത് പ്രേക്ഷകർ തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രം

0
 ഈ  ദിവസം കേരളത്തിൽ പ്രദർശനമാരംഭിച്ച മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത എഡിറ്റർ ആയ ബി അജിത് കുമാർ സംവിധാനം ചെയ്ത ഈട. ശർമിള രാജ ഡെൽറ്റ സ്റ്റുഡിയോയുടെ ബാനറിൽ നിർമ്മിച്ച ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നത് ഷെയിൻ നിഗം, നിമിഷ സജയൻ  എന്നിവരാണ്.  എൽ ജി ഫിലിംസ് വിതരണം ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നതും ബി അജിത് കുമാർ  തന്നെയാണ്. ഒരു റിയലിസ്റ്റിക് റൊമാന്റിക് ചിത്രമായാണ് ഈട ഒരുക്കിയിരിക്കുന്നത്. വില്യം ഷേക്‌സ്‌പിയറിന്റെ റോമിയോ ആൻഡ് ജൂലിയറ്റ് എന്ന നാടകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത്. കേരളത്തിന്റെ നോർത്ത് മലബാർ ഭാഗത്തു നടക്കുന്ന രീതിയിലാണ് ഈ ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. ആനന്ദ് എന്ന എം ബി ആ ബിരുദധാരി ആയി ഷെയിൻ നിഗം അഭിനയിക്കുന്നു. ഒരു ഇൻഷുറൻസ് കമ്പനിയിൽ ജോലി ചെയ്യുന്ന ആനന്ദ ഐശ്വര്യ എന്ന പെൺകുട്ടിയെ കണ്ടു മുട്ടുന്നതോടെ ചിത്രത്തിന്റെ കഥാഗതി മാറുന്നു. നോർത്ത് മലബാറിലെ രാഷ്ട്രീയ സാഹചര്യങ്ങളും ഈ ചിത്രത്തിന്റെ കഥാ ഗതിയെ സ്വാധീനിക്കുന്നുണ്ട്  എന്ന് പറയാം.
ഈട  ഒരു റൊമാന്റിക് ഡ്രാമ എന്ന വിഭാഗത്തിൽ പെടുത്താവുന്ന ചിത്രമാണ് എന്ന് പറയാം . വളരെ റിയലിസ്റ്റിക് ആയി തന്നെ ബി അജിത് കുമാർ ഈ ചിത്രം നമ്മുക്ക് മുന്നിൽ എത്തിച്ചിട്ടുണ്ട്.  മികച്ച തിരക്കഥയാണ് ഈ ചിത്രത്തിന്റെ നട്ടെല്ല് എന്ന്‌ എടുത്തു പറയണം. ബി അജിത് കുമാർ തന്നെ എഴുതിയ  തിരക്കഥ മികച്ച രീതിയിൽ തന്നെ കഥാപാത്രങ്ങളെയും കഥാ സന്ദർഭങ്ങളെയും വിശ്വസനീയമായി അവതരിപ്പിച്ചിട്ടുണ്ട്. എഴുത്തുകാരൻ എന്ന നിലയിൽ തന്റെ ജോലി ഗംഭീരമായി ചെയ്ത അജിത് കുമാർ ഒരു സംവിധായകൻ എന്ന നിലയിൽ ആ തിരക്കഥക്കു നൽകിയ ദൃശ്യ ഭാഷയും വളരെ മികച്ചതായിരുന്നു.  ആ തിരക്കഥ  പ്രേക്ഷകരുമായി കണക്ട് ചെയ്യുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട് എന്ന് തന്നെ പറയാം. അത് തന്നെയാണ് ഈട എന്ന ചിത്രത്തിന്റെ  വിജയവും. പ്രേക്ഷകരെ ആദ്യാവസാനം ചിത്രത്തിൽ മുഴുകിയിരുത്തിക്കൊണ്ട് കഥ പറയുന്നതിലും ബി അജിത് കുമാർ  വിജയിച്ചിട്ടുണ്ട്. പ്രേക്ഷകർക്ക് രസിക്കുന്ന ഘടകങ്ങൾ ചിത്രത്തിന്റെ കഥയുടെ ആഴം  നഷ്ടപ്പെടാതെ  തന്നെ തിരക്കഥയിൽ ഉൾക്കൊള്ളിക്കാനും അതവതരിപ്പിക്കാനും ഇവർക്ക് കഴിഞ്ഞുവെന്നതാണ് ഈടയെ ഒരു ക്ലാസ് എന്റെർറ്റൈനെർ ആക്കി മാറ്റുന്നത്. ഷെയിൻ നിഗം ഒരിക്കൽ കൂടി തന്റെ അനായാസമായ അഭിനയ ശൈലി കൊണ്ട് പ്രേക്ഷകരുടെ കയ്യടി നേടിയപ്പോൾ തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിൽ  നമ്മൾ കണ്ട മികച്ച പ്രകടനം നിമിഷ സജയൻ ഈ ചിത്രത്തിലും ആവർത്തിച്ചു.   രണ്ടു പേരും ഏറ്റവും മികച്ച  രീതിയിലാണ് തങ്ങളുടെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയത്. അത്ര സ്വാഭാവികവും മനോഹരവുമായിരുന്നു ഈ അഭിനേതാക്കളുടെ പ്രകടനം. ഇവരുടെ ഓൺസ്‌ക്രീൻ കെമിസ്ട്രി  ഈടയെ കൂടുതൽ മനോഹരമാക്കിയിട്ടുണ്ടെന്നു പറയാതെ വയ്യ. . മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച സുരഭി ലക്ഷ്മി, അലെൻസിയർ, സുധി കോപ്പ, മണികണ്ഠൻ ആചാരി എന്നിവരും   തങ്ങളുടെ വേഷങ്ങൾ മികച്ച രീതിയിൽ അവതരിപ്പിച്ചപ്പോൾ അഭിനേതാക്കളുടെ പ്രകടനം കൊണ്ട് തന്നെ ചിത്രം കണ്ടിരിക്കേണ്ട ഒന്നായി തീർന്നിട്ടുണ്ട് എന്ന്‌ പറയാം.
ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങളൊരുക്കിയത് സുധീഷ് പപ്പു ആണ് . സുധീഷ് ഒരുക്കിയ മിഴിവാർന്ന  ദൃശ്യങ്ങൾ ഈ പ്രണയ ചിത്രത്തിന് കൂടുതൽ ഭംഗി നൽകിയിട്ടുണ്ട്. ജോൺ പി വർക്കി, ചന്ദ്രൻ വയട്ടുമേൽ എന്നിവർ  നൽകിയ സംഗീതം ചിത്രത്തിന്റെ കഥാന്തരീക്ഷത്തെ പ്രേക്ഷകന്റെ മനസ്സുമായി കണക്ട് ചെയ്യുന്നതിൽ നിർണ്ണായകമായി. ഗാനങ്ങൾ  മനോഹരമായിരുന്നു എന്നതും എടുത്തു പറയണം . ബി അജിത് കുമാർ ഒരു എഡിറ്റർ എന്ന  നിലയിലും  പുലർത്തിയ  മികവ്  ചിത്രത്തിന്റെ സാങ്കേതിക നിലവാരം വർധിപ്പിച്ചതിനോടൊപ്പം കഥ പറയുന്നതിന് ഒഴുക്കും പകർന്നു നൽകി.ചുരുക്കി പറഞ്ഞാൽ ഒരു മികച്ച സിനിമാനുഭവം തന്നെയാണ് ഈട എന്ന  ഈ റിയലിസ്റ്റിക്ന റൊമാന്റിക് ഡ്രാമ  നമ്മുക്ക് പകർന്നു തരുന്നത്.  തരുന്നത്. അഭിനേതാക്കളുടെ മികച്ച  പ്രകടനവും പുതുമയേറിയ രീതിയിൽ അവതരിപ്പിക്കപ്പെട്ട  കഥയും ഉള്ള  ഈ ചിത്രം പ്രേക്ഷകരെ ഒരിക്കലും നിരാശപ്പെടുത്താത്ത ഒരു ക്ലാസ് എന്റെർറ്റൈനെർ ആണെന്ന് നിസംശയം പറയാം.
Share.

Comments are closed.