തീയേറ്ററുകളിൽ പൊട്ടിച്ചിരി മാത്രം .. ഷാജി പാപ്പനും പിള്ളേരും പൊളിച്ചടുക്കി ! ആട് 2 കിടിലൻ പടം !

0
ഇന്ന് കേരളത്തിൽ റിലീസ് ചെയ്ത പ്രധാന ചിത്രമാണ് മിഥുൻ മാനുവൽ തോമസ്   എഴുതി സംവിധാനം ചെയ്ത ആട് 2  . മിഥുൻ മാനുവൽ തോമസ് സംവിധായകനായി അരങ്ങേറിയ ആദ്യ ചിത്രമായിരുന്നു ഫ്രൈഡേ  ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രം. ജയസൂര്യ നായകനായ ആ ചിത്രം ബോക്സ് ഓഫീസിൽ  വിജയം നേടിയില്ലെങ്കിലും പിന്നീട് സോഷ്യൽ മീഡിയയിലൂടെ  വലിയ തരംഗം തന്നെ സൃഷ്ടിച്ചു. അങ്ങനെ പ്രേക്ഷകരുടെ നിരന്തരമായ ആവശ്യ പ്രകാരമാണ് മിഥുൻ മാനുവൽ തോമസ് ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം ആയ ആട് 2 ആയി എത്തുന്നത്. ആൻ മരിയ കലിപ്പിലാണ്, അലമാര എന്നീ രണ്ടു ചിത്രങ്ങൾ മിഥുൻ അതിനിടെ ഒരുക്കിയിരുന്നു. ഫ്രൈഡേ ഫിലിം ഹൌസ് തന്നെ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ആദ്യ ഭാഗത്തിലെ എല്ലാവരും തന്നെ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഒരുപക്ഷെ ഈ ക്രിസ്മസിന് റിലീസ് ചെയ്ത ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ പേർ കാത്തിരുന്ന ചിത്രം കൂടിയാണ് ആട് 2 എന്ന് പറയാം. ഈ ചിത്രത്തിന്റെ പോസ്റ്ററും, ഇതിലെ ഗാനവും ടീസറുമെല്ലാം അത്രയധികം ആഘോഷത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്.
ജയസൂര്യ അവതരിപ്പിക്കുന്ന ഷാജി പാപ്പൻ എന്ന കഥാപാത്രത്തിനും ഒരു ആടിനും ചുറ്റും തന്നെയാണ് ഈ രണ്ടാം ഭാഗത്തിന്റെയും കഥ വികസിക്കുന്നത്. ആദ്യ ഭാഗത്തിലെ എല്ലാ പ്രധാന കഥാപാത്രങ്ങളും നിർണ്ണായക വേഷങ്ങൾ ചെയ്യുന്ന ഒരു കഥ തന്നെയാണ് സംവിധായകൻ ഈ രണ്ടാം ഭാഗത്തിലും ഒരുക്കിയിരിക്കുന്നത്. ആദ്യ ഭാഗത്തിലെ കഥയുടെ തുടർച്ച തന്നെയാണ് രണ്ടാം ഭാഗം എന്ന് നമ്മുക്ക് പറയാം. എന്നാൽ അതിൽ തന്നെ വ്യത്യസ്തമായ ഒരു പശ്ചാത്തലം സൃഷ്ടിക്കാനും മിഥുൻ മാനുവൽ തോമസിന് കഴിഞ്ഞിട്ടുണ്ട്. ലളിതമായ കഥകളിൽ നിന്ന് വളരെ രസകരമായ ചിത്രമൊരുക്കാനുള്ള തന്റെ  മികവ് ഒരിക്കൽ കൂടി മിഥുൻ മാനുവൽ തോമസ്  തെളിയിച്ചു എന്ന് നിസംശയം  പറയാം. മിഥുന്റെ തന്നെ മുൻ ചിത്രങ്ങളിൽ നമ്മൾ കണ്ടിട്ടുള്ളത് പോലെ ഒരിക്കൽ കൂടി പ്രേക്ഷകന്റെ മനസ്സറിഞ്ഞു കഥ പറയാൻ ഉള്ള തന്റെ കഴിവ് മിഥുൻ  ഈ ചിത്രത്തിലൂടെയും നമ്മുക്ക് കാണിച്ചുതന്നു . വളരെ രസകരമായ രീതിയിൽ എന്റർടൈനിംഗ് ആയ കഥാസന്ദർഭങ്ങളും കഥാപാത്രങ്ങളും നിറഞ്ഞ  ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ ആണ് ആട് 2  എന്ന ഈ ചിത്രം. എല്ലാം തികഞ്ഞ ഒരു മികച്ച വിനോദ ചിത്രമാക്കി ഈ രണ്ടാം ഭാഗത്തിനെയും  മാറ്റാൻ ഒരു എഴുത്തുകാരൻ എന്ന നിലയിലും സംവിധായകൻ എന്ന നിലയിലും ഈ യുവ സംവിധായകന്  കഴിഞ്ഞു എന്ന് ഉറപ്പിച്ചു പറയാം. രസകരവും ത്രില്ലടിപ്പിക്കുന്നതുമായ കഥ സന്ദര്ഭങ്ങളിലൂടെ വളരെ വേഗത്തിൽ പ്രേക്ഷകന്റെ മനസ്സ് കയ്യിലെടുത്തു കൊണ്ട്,  അവരെ കൂടി ചിത്രത്തിനൊപ്പം സഞ്ചരിപ്പിച്ചു കൊണ്ടാണ് മിഥുൻ ഈ ചിത്രത്തിന്റെ കഥ അവതരിപ്പിച്ചിരിക്കുന്നത് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ മികവ്. . ചിരിപ്പിക്കുന്ന സംഭാഷണങ്ങളാൽ സമൃദ്ധമാണ് ഈ ചിത്രം. അത് പോലെ തന്നെ മനോഹരമായ ദൃശ്യങ്ങളും അടിപൊളി സംഗീതവും എല്ലാം നിറച്ചു പ്രേക്ഷകന് അക്ഷരാർധത്തിലൊരു ഉത്സവം തന്നെയാണ് മിഥുൻ മാനുവൽ തോമസ് സമ്മാനിച്ചിരിക്കുന്നതു.
ഒരിക്കൽ കൂടി ഷാജി പാപ്പൻ ആയി ജയസൂര്യ നടത്തിയ ഇടിവെട്ട് പെർഫോമൻസ് ആണ് ചിത്രത്തിന്റെ ഹൈലൈറ്റ് ആയതു. അത്ര എനെർജിറ്റിക് ആയിട്ടും രസകരമായിട്ടും ജയസൂര്യ ആ കഥാപാത്രമായി ചിത്രത്തിൽ നിറഞ്ഞാടി. ആദ്യ ഭാഗത്തിൽ ഷാജി പാപ്പൻ ഗാങ്ങിൽ ഉണ്ടായിരുന്ന ഓരോരുത്തരും രണ്ടാം ഭാഗത്തിലും മിന്നുന്ന പ്രകടനം തന്നെയാണ് കാഴ്ച വെച്ചത്. അറക്കൽ അബുവായി സൈജു കുറുപ്പും സാത്താൻ സേവ്യർ ആയി സണ്ണി വെയ്‌നും സര്ബത് ഷമീർ ആയി വിജയ് ബാബുവും എല്ലാം കിടിലൻ പെർഫോമൻസ് തന്നെ കാഴ്ച വെച്ച്.  വളരെ രസകരമായ  പ്രകടനങ്ങളോടെ  ധർമജനും വിനീത് മോഹനും, വിനായകനും, സുധി കോപ്പയും, നെൽസണും,   രഞ്ജി പണിക്കരും, ഹരികൃഷ്ണനും , ഭഗത് മാനുവലും, ഇന്ദ്രൻസും തുടങ്ങി ഓരോരുത്തരും     മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിൽ നൽകിയത്.വിഷ്ണു നാരായണൻ  ഒരുക്കിയ ദൃശ്യങ്ങൾ വളരെ മനോഹരമായിരുന്നു . ചിത്രത്തിന്റെ കഥയുടെ മൂഡിന് പറ്റിയ  ദൃശ്യങ്ങൾ നല്കാൻ വിഷ്ണുവിനും   അതിനു  പറ്റിയ സംഗീതം ഒരുക്കുന്നതിൽ ഷാൻ റഹ്മാനും   വിജയിച്ചപ്പോൾ ചിത്രത്തിന്റെ മാറ്റു വർധിച്ചു. ഷാൻ റഹ്മാൻ ഒരുക്കിയ പാട്ടുകളും പശ്ചാത്തല സംഗീതവും കിടിലൻ ആയിരുന്നു എന്ന് തന്നെ പറയാം. അത്  പോലെ തന്നെ ലിജോ പോളിന്റെ എഡിറ്റിംഗ് മികവും എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്. ചിത്രത്തിന് മികച്ച ഒഴുക്കും സാങ്കേതികമായി ഉയർന്ന നിലവാരവും ലിജോയുടെ നിർണ്ണായക സംഭാവനകളിൽ പെട്ടതാണ്.
ചുരുക്കി പറഞ്ഞാൽ പ്രേക്ഷകനെ ഒരുപാട് രസിപ്പിക്കുന്ന ഒരു തികഞ്ഞ വിനോദ ചിത്രം ആണ് ആട് 2 . എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കാൻ പ്രാപ്തിയുള്ള ഈ ചിത്രം നിങ്ങൾക്ക് ഒരുപാട് സന്തോഷവും ചിരിയും പകരുന്ന മുഹൂർത്തങ്ങൾ സമ്മാനിക്കും എന്നത്  ഉറപ്പാണ് . ആദ്യ ഭാഗത്തിന്റെ ഇരട്ടി നിങ്ങളെ ചിരിപ്പിക്കുന്ന ത്രില്ലടിപ്പിക്കുന്ന ഒരു ചിത്രമായി മാറിയിട്ടുണ്ട് ഈ രണ്ടാം ഭാഗം എന്ന് പറയാം.
Share.

Comments are closed.