മാസ്റ്റർപീസ് ഗംഭീരം .. അതിഗംഭീരം – മെഗാസ്റ്റാർ മമ്മൂട്ടിയുടെ മെഗാ മാസ്സ് എൻറ്റർട്ടെയ്നർ

0
ഇന്ന് കേരളത്തിൽ റിലീസ് ചെയ്ത മലയാള ചിത്രം ആണ് മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ മാസ്റ്റർപീസ്. മൂന്ന്  വർഷം മുൻപ് മമ്മൂട്ടിയെ നായകനാക്കി  ഒരുക്കിയ രാജാധിരാജ എന്ന ചിത്രം  സംവിധാനം ചെയ്ത അജയ് വാസുദേവ് ആണ് മാസ്റ്റർപീസ് സംവിധാനം ചെയ്തിരിക്കുന്നത് . പുലി മുരുകൻ എന്ന ബ്രഹ്മാണ്ഡ വിജയം നേടിയ മോഹൻലാൽ ചിത്രത്തിന് ശേഷം ഉദയ കൃഷ്ണ തിരക്കഥരചിച്ച ഈ ചിത്രം വമ്പൻ ഹൈപ്പോടു  കൂടിയാണ് പ്രദർശനത്തിന് എത്തിയിരിക്കുന്നത്. ഉണ്ണി മുകുന്ദൻ, വരലക്ഷ്മി ശരത് കുമാർ, പൂനം ബജ്വ, ഗോകുൽ സുരേഷ്, മുകേഷ് എന്നിവരും  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രം റോയൽ സിനിമാസിന്റെ  ബാനറിൽ സി എച് മുഹമ്മദ് ആണ്  നിർമ്മിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ റിലീസ് ആയി എത്തിയ ഈ ചിത്രം 12 കോടിക്ക് മുകളിൽ ചെലവിട്ടാണ് നിർമ്മിച്ചിരിക്കുന്നത്.എഡ്‌വേഡ്‌ ലിവിങ്സ്റ്റൺ എന്ന ഇംഗ്ലീഷ് പ്രൊഫസറുടെ വേഷത്തിലാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. സംഘർഷാവസ്ഥ നില നിൽക്കുന്ന ഒരു കോളേജിലേക്ക് എത്തുന്ന അധ്യാപകനാണ് എഡ്‌വേഡ്‌ ലിവിങ്സ്റ്റൺ. ക്രിമിനലുകൾ വിളയാടുന്ന ആ കോളേജ് ക്യാമ്പസിലേക്കു തന്റേടിയും ചൂടനുമായ എഡ്‌വേഡ്‌ ലിവിങ്സ്റ്റൺ എത്തുന്നതോടെ ചിത്രത്തിന്റെ കഥാ ഗതി മാറുന്നു. എഡ്‌വേഡ്‌ ലിവിങ്സ്റ്റൺ എന്തിനാണ് ആ കോളേജിൽ എത്തുന്നത് എന്നും അദ്ദേഹത്തിന് അവിടെ നേരിടേണ്ടി വരുന്ന കാര്യങ്ങൾ എന്തെല്ലാമെന്നുമാണ് ഈ ചിത്രം നമ്മുക്ക് മുന്നിൽ വരച്ചിടുന്നത്.
രാജാധിരാജ എന്ന തട്ട് പൊളിപ്പൻ മാസ്സ് മസാല ചിത്രം സമ്മാനിച്ച്  കൊണ്ട് അരങ്ങേറിയ അജയ് വാസുദേവ് അതുപോലെ തന്നെയുള്ള ഒരു ഹൈ വോൾടേജ് ആക്ഷൻ ചിത്രമാണ് മാസ്റ്റർപീസിലൂടെ നമ്മുക്ക് നൽകിയത് എന്ന്  നിസംശയം പറയാം. ഉദയ കൃഷ്ണ എഴുതിയ ആവേശകരമായ ഒരു തിരക്കഥയുടെ  പിൻബലത്തോടെ മികച്ച ഒരു എന്റെർറ്റൈനെർ  ഒരുക്കാൻ അജയ് വാസുദേവന്  കഴിഞ്ഞിട്ടുണ്ട്. ആരാധകർക്ക് വേണ്ടിയുള്ള ഒരു ചിത്രമാണെങ്കിൽ കൂടി  എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന രീതിയിൽ  വിശ്വസനീയമായ രീതിയിൽ കഥ സന്ദർഭങ്ങൾ അവതരിപ്പിക്കാനും, ചിത്രത്തിലുള്ള നിയന്ത്രണം വിട്ടു പോകാതെ ചിത്രം മുന്നോട്ടു കൊണ്ട് പോകാനും കഴിഞ്ഞു എന്നിടത്തു ആണ് അജയ് വാസുദേവ്  വിജയിച്ചത്. കോമെഡിയും ആക്ഷനും ത്രില്ലും എല്ലാം കോർത്തിണക്കി ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ ആക്കി മാറ്റിയിട്ടുണ്ട് ഈ ചിത്രത്തെ അജയ് വാസുദേവും ഉദയ കൃഷ്ണയും  ചേർന്ന്.  ഒരു കളർഫുൾ ചിത്രമായാണ് അവർ മാസ്റ്റർപീസ് ഒരുക്കിയിരിക്കുന്നത്. ആക്ഷൻ രംഗങ്ങളുടെ ധാരാളിത്തമാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് പറയാം.
 എഡ്‌വേഡ്‌ ലിവിങ്സ്റ്റൺ ആയി മമ്മൂട്ടി  നടത്തിയ ഗംഭീര പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ മികവ്. .തന്റെ ഗംഭീര സ്ക്രീൻ പ്രെസെൻസും ഡയലോഗ് ഡെലിവറി സ്റ്റൈലും കൊണ്ട് മമ്മൂട്ടി പ്രേക്ഷകനെ ഒരിക്കൽ കൂടി കയ്യിലെടുത്തു. പ്രായത്തെ വെല്ലുന്ന സൗന്ദര്യവും തന്റെ കിടിലൻ ആക്ഷൻ രംഗങ്ങളും കൊണ്ട്മ മമ്മൂട്ടി ആരാധകരെ കോരിത്തരിപ്പിച്ചു എന്ന് തന്നെ പറയാം. ജോൺ തെക്കൻ ആയി എത്തിയ ഉണ്ണി മുകുന്ദൻ ഒരിക്കൽ കൂടി തന്റെ മികച്ച പ്രകടനം കൊണ്ട് പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയപ്പോൾ  വരലക്ഷ്മി ശരത് കുമാർ, പൂനം ബജ്വ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങൾക്ക് ഏറ്റവും മികച്ച രീതിയിൽ തന്നെ ജീവൻ പകർന്നു. ഗോകുൽ സുരേഷ്, മുകേഷ്,  എന്നിവരും തങ്ങളുടെ വേഷങ്ങൾ ഏറ്റവും ഭംഗിയായി തന്നെ ചെയ്തപ്പോൾ മറ്റു കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ സുനിൽ സുഗത, ഗോകുൽ സുരേഷ്, കലാഭവൻ ഷാജോൺ, മഹിമ നമ്പ്യാർ, അർജുൻ നന്ദ കുമാർ, സജു നവോദയ, ദിവ്യ പിള്ളൈ, മക്ബൂൽ സൽമാൻ, സന്തോഷ് പണ്ഡിറ്റ്, ക്യാപ്റ്റൻ രാജു    ശിവജി ഗുരുവായൂർ, ബിജു കുട്ടൻ എന്നിവരും മികച്ച പ്രകടനം തന്നെ കാഴ്ച വെച്ചു.
വിനോദ് ഇല്ലംപിള്ളി  ഒരുക്കിയ ദൃശ്യങ്ങൾ മികവ് പുലർത്തിയപ്പോൾ ദീപക് ദേവ്  ഒരുക്കിയ സംഗീതവും മികച്ച നിലവാരം പുലർത്തി. ദീപക് ദേവ് ഒരുക്കിയ പാസ്ചതല സംഗീതവും ചിത്രത്തിന്റെ മാസ്സ് അപ്പീൽ വർധിപ്പിച്ചിട്ടുണ്ട് എന്ന് പറയാൻ സാധിക്കും. ജോൺ കുട്ടിയുടെ എഡിറ്റിംഗും ചിത്രത്തിന്റെ വേഗത താഴാതെ നോക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചു എന്നതിനൊപ്പം തന്നെ സാങ്കേതികമായി ഏറെ മികച്ചു നിൽക്കുന്ന ഒരു സിനിമാനുഭവമാക്കി ഈ ചിത്രത്തെ മാറ്റി.ഒരു പക്കാ മാസ്സ് മസാല ആക്ഷൻ എന്റെർറ്റൈനെർ ആണ് മാസ്റ്റർപീസ്. മമ്മൂട്ടി ആരാധകരെ ത്രസിപ്പിക്കുന്ന ഈ ഛിത്രം കുടുംബ പ്രേക്ഷകരെയും ഒരുപാട് രസിപ്പിക്കുന്ന രീതിയിൽ എല്ലാ വിനോദ ഘടകങ്ങളും കൃതയുമായി കോർത്തിണക്കിയ ഒരു എന്റെർറ്റൈനെർ ആണ്. ഈ ക്രിസ്മസ് അവധിക്കാലത്തും എല്ലാം മറന്നു നിങ്ങൾക്ക് ആഘോഷിക്കാനുള്ള ഒരു ചിത്രമാണ് മാസ്റ്റർപീസ് എന്ന് സംശയമില്ലാതെ തന്നെ പറയാം.
Share.

Comments are closed.