എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ രസിപ്പിക്കുന്ന ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ ആണ് ഫിദ

0
ഇന്ന് കേരളത്തിലെ പ്രദർശന ശാലകളിൽ എത്തിചേർന്ന  ഒരു ചിത്രമാണ് തെലുങ്കിൽ വിജയം നേടിയ ഫിദ എന്ന ചിത്രത്തിന്റെ മലയാളം പതിപ്പ്.   വരുൺ തേജ്ഉം  സായി പല്ലവിയും  കേന്ദ്ര കഥാപാത്രങ്ങൾ ആയി എത്തിയ ഫിദ   സംവിധാനം ചെയ്തത് പ്രശസ്ത സംവിധായകനായ ശേഖർ കമ്മൂല ആണ്. അദ്ദേഹം തന്നെയാണ്   ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നതും . ശ്രീ വെങ്കിടേശ്വര ക്രീയേഷന്സിന്റെ ബാനറിൽ ദിൽ രാജു, ഷിരിഷ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നതു. ഒരു റൊമാന്റിക് കോമഡി ചിത്രമായി ഒരുക്കിയിരിക്കുന്ന ഫിദ തെലുങ്കിൽ പ്രേക്ഷക പ്രീതി നേടിയെടുത്ത ഒരു ചിത്രവുമാണ്.
വരുൺ, ഭാനു എന്ന് പേരുള്ള രണ്ടു യുവ മിഥുനങ്ങളുടെ പ്രണയമാണ് ഈ ചിത്രം നമ്മുടെ  മുന്നിൽ അവതരിപ്പിക്കുന്നത്. ചേട്ടന്റെ കല്യാണ കാര്യത്തിനായി നാട്ടിലെത്തുന്ന എൻ ആർ ഐ പയ്യനായ വരുൺ അവിടെ വെച്ച ഭാനു എന്ന നാടൻ പെൺകുട്ടിയുമായി പ്രണയത്തിലാവുന്നു. പിന്നീട് തമ്മിൽ പിരിയുന്ന അവർ പരസ്പരം അതിനു ശേഷം കാണുന്നത് അമേരിക്കയിൽ വെച്ചാണ്. അവരുടെ പ്രണയം എങ്ങനെയാണു മുന്നോട്ടു പോകുന്നത് എന്നും അതിനിടയിൽ അവർ നേരിടുന്ന പ്രശ്നങ്ങൾ എന്തെല്ലാമെന്നുമാണ് ഈ ചിത്രം നമ്മളോട് പറയുന്നത്.
വളരെ രസകരമായ, വ്യത്യസ്‍തമായ  ഒരു കഥയെ അതിലും രസകരമായി പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കാൻ കഴിഞു എന്നതാണ് ശേഖർ കമ്മൂല്ല എന്ന ഈ സംവിധായകന്റെ വിജയം.  ഒരുപാട് രസിപ്പിക്കുന്ന  തരത്തിലുള്ള രംഗങ്ങൾ  കൊണ്ട് സമൃദ്ധമായ ഈ ചിത്രം പുതുമയേറിയ രീതിയിൽ ആണ് പ്രേക്ഷകന്റെ മുന്നിൽ അവതരിപ്പിച്ചിരിക്കുന്നതു. രസകരമായ കഥാ സന്ദർഭങ്ങൾ ഒരുക്കുന്നതിലും പൊട്ടിച്ചിരിപ്പിക്കുന്ന സംഭാഷണങ്ങൾ അവക്ക് അകമ്പടിയായി നൽകുന്നതിലും എഴുത്തുകാരനെന്ന നിലയിൽ ശേഖർ കമ്മുല വിജയിച്ചപ്പോൾ അതിനു മനോഹരമായ ദൃശ്യ ഭാഷ നൽകുന്നതിൽ സംവിധായകനിന്ന  നിലയിലും വിജയം കൈവരിക്കാൻ അദ്ദേഹത്തിന്  കഴിഞ്ഞിട്ടുണ്ട്.. റൊമാന്സും കോമെഡിയും അതിന്റെ ശരിയായ അളവിൽ ചേർത്ത് കഥ പറഞ്ഞ ഈ ചിത്രം പ്രേക്ഷകരെ ആദ്യാവസാനം എന്റെർറ്റൈൻ ചെയ്യിക്കുന്നതാണെന്നു ഉറപ്പു വരുത്താൻ സംവിധായകന് കഴിഞ്ഞപ്പോൾ ചിത്രം മികച്ച ഒരു അനുഭവമായി മാറി. അതോടൊപ്പം തന്നെ വൈകാരികമായ മുഹൂര്തങ്ങൾക്കു ചിത്രത്തിൽ പ്രാധാന്യം ഉണ്ടെന്നത് ചിത്രത്തെ കൂടുതൽ മനോഹരമായ ഒരു പ്രണയ ചിത്രമാക്കി മാറ്റി.
വരുൺ തേജ് എന്ന നടനും സായി പല്ലവി എന്ന നടിയും തമ്മിലുള്ള വെള്ളിത്തിരയിലെ  രസതന്ത്രം മനോഹരമായിരുന്നു. രണ്ടു പേരും മത്സരിച്ചു  അഭിനയിച്ചപ്പോൾ കഥാപാത്രങ്ങൾ പ്രേക്ഷകരുടെ മനസിലേക്കെത്താൻ അധിക സമയം വേണ്ടി വന്നില്ല..വരുൺ   അനായാസമായി കഥാപാത്രമായി മാറിയപ്പോൾ സായി പല്ലവിയുടെ  കഥാപാത്രവും കയ്യടി നേടി. രണ്ടുപേരും പക്വതയാർന്ന പ്രകടനം തന്നെയാണ് നൽകിയതു. ഇവരെ പോലെ തന്നെ സായി ചാന്ദ്, സത്യം രാജേഷ്, രാജ ചെമ്പോല്, ആര്യൻ, ഗീത , ശരണ്യ, ഹർഷവർധൻ   റാണെ,  ഗായത്രി, മനീഷ, ശ്രീ ഹർഷ എന്നിവരും തങ്ങളുടെ വേഷങ്ങൾ ഭംഗിയായി  തന്നെ ചെയ്തു. എല്ലാവരും തങ്ങളുടെ പ്രകടനം കൊണ്ട് പ്രേക്ഷകരെ ഏറെ രസിപ്പിച്ചു എന്ന് തന്നെ പറയാം.
വിജയ് സി കുമാർ നൽകിയ ദൃശ്യങ്ങൾ മനോഹരമായപ്പോൾ മാർത്താണ്ട്  കെ വെങ്കിടേഷ്  തന്റെ എഡിറ്റിംഗിലൂടെ ആ ദൃശ്യങ്ങൾക്ക് പാകതയും കരുത്തും നൽകുന്നതിൽ വിജയിച്ചു. ചിത്രത്തിന്റെ വേഗത പ്രേക്ഷകന് മുഷിയാത്ത  രീതിയിൽ കൊണ്ട് വരുന്നതിനും അത് സഹായിച്ചിട്ടുണ്ട് . ശക്തികാന്ത് കാർത്തിക്, ജെ ബി എന്നിവർ ചേർന്ന്  കൈകാര്യം ചെയ്ത സംഗീത വിഭാഗവും മികച്ച നിലവാരം പുലർത്തി. ഗാനങ്ങളും പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ കഥയോടും ചിത്രത്തിലെ അന്തരീക്ഷത്തോടും ഏറെ യോജിച്ചു പോയപ്പോൾ അതീ പ്രണയ ചിത്രത്തെ  കൂടുതൽ മനോഹരമാക്കി എന്ന് സംശയമില്ലാതെ തന്നെ നമ്മുക്ക് പറയാൻ സാധിക്കും.
ചുരുക്കി പറഞ്ഞാൽ, എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ രസിപ്പിക്കുന്ന ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ ആണ് ഫിദ എന്ന ഈ പ്രണയ ചിത്രം  . വ്യത്യസ്തമായ പ്രമേയവും അവതരണവും അതുപോലെ തന്നെ ആദ്യാവസാനം എന്റെർറ്റൈന്മെന്റും നൽകുന്നതിൽ  ഈ ചിത്രം പൂർണ്ണമായും വിജയിച്ചിട്ടുണ്ട് എന്ന് തന്നെ പറയാം.
Share.

Comments are closed.