റിയലിസ്റ്റിക് മാസ്സ് എന്റെർറ്റൈനെറുമായി നിവിന്റെ റിച്ചി | റിവ്യൂ വായിക്കാം.

0
ഇന്ന് കേരളത്തിൽ പ്രദർശനത്തിനെത്തിയ തമിഴ് ചിത്രമാണ് നിവിൻ പോളി നായകനായി എത്തിയ റിച്ചി. ഉള്ളിടവരു കണ്ടന്തേ എന്ന കന്നഡ ചിത്രത്തിന്റെ ഒഫീഷ്യൽ തമിഴ് റീമേക്  ആയ ഈ ചിത്രം സംവിധാനം   ചെയ്തിരിക്കുന്നത് നവാഗത സംവിധായകനായ ഗൗതം രാമചന്ദ്രൻ ആണ്. ആനന്ദ് കുമാർ, വിനോദ് ഷൊർണുർ എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിലെ നായിക ശ്രദ്ധ ശ്രീനാഥാണ്. രക്ഷിത് ഷെട്ടിയാണ് ഈ ചിത്രത്തിന്റെ കന്നഡ പതിപ്പ് എഴുതി സംവിധാനം ചെയ്തു നായകനായി  അഭിനയിച്ചിരിക്കുന്നത്. ഈ ചിത്രത്തിന്റെ ഒറിജിനൽ കന്നഡ വേർഷൻ 2014 ഇൽ ആണ് പ്രദർശനത്തിനെത്തിയത്.
റിച്ചി എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നിവിൻ പോളിയാണ്. ഈ കഥാപാത്രത്തിന് ചുറ്റുമാണ്  ഇതിന്റെ കഥ വികസിക്കുന്നത്. അതോടൊപ്പം തന്നെ  മേഘ എന്ന മാധ്യമ പ്രവർത്തകയുടെയും സെൽവ എന്ന് പേരുള്ള ബോട്ട് മെക്കാനിക്കിന്റെയും കഥാപാത്രങ്ങളും ചിത്രത്തിന്റെ കഥയിൽ നിർണ്ണായകമാവുന്നു. ഈ മൂന്നു കഥാപാത്രങ്ങളുടെയും ജീവിതത്തിൽ സംഭവിക്കുന്ന  കാര്യങ്ങൾ തമിഴ് നാട്ടിലെ ഒരു തീരദേശ ഗ്രാമത്തിൽ നടക്കുന്ന സംഭവങ്ങളുമായി എങ്ങനെ ഇടകലരുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം മുന്നോട്ടു നീങ്ങുന്നത് എന്ന് പറയാം.
ആദ്യമേ തന്നെ ഗൗതം രാമചന്ദ്രൻ എന്ന നവാഗത സംവിധായകന് ഒരു കയ്യടി കൊടുക്കേണ്ടിയിരിക്കുന്നു. കാരണം ഈ ചിത്രത്തിന്റെ ഒറിജിനൽ ആയ കന്നഡ ചിത്രത്തോട് 100 % നീതി പുലർത്താൻ ഒരു എഴുത്തുകാരൻ എന്ന നിലയിലും സംവിധായകനെന്ന നിലയിലും ഗൗതമിനു കഴിഞ്ഞിട്ടുണ്ട്. എല്ലാ തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്താനുതകുന്ന വിധം ചിത്രം ഒരുക്കാൻ ഗൗതം ശ്രമിച്ചിട്ടുണ്ടെന്നു മാത്രമല്ല  അതിൽ പൂർണ്ണമായും വിജയിക്കുകയും ചെയ്തിട്ടുണ്ട്. പ്രേക്ഷകരെ പൂർണ്ണമായി രസിപ്പിക്കുന്ന രീതിയിൽ കഥ പറഞ്ഞതിനൊപ്പം തന്നെ ഒരു ത്രില്ലർ എന്ന നിലയിൽ അതിന്റെ ആകാംഷയും ആവേശവും നിലനിർത്താനും സംവിധായകന് കഴിഞ്ഞു.. ആവേശം കൊള്ളിക്കുന്ന കഥ സന്ദർഭങ്ങൾ വളരെ വിശ്വസനീയമായി അവതരിപ്പിച്ചതിനൊപ്പം തന്നെ കോരിത്തരിപ്പിക്കുന്ന മാസ്സ് ഡയലോഗുകളും  ആക്ഷൻ രംഗങ്ങളും ഒരുക്കാനും ഗൗതം  മിടുക്കു കാട്ടി. അത് പോലെ തന്നെ ഗാന രംഗങ്ങളുടെ മനോഹരമായ  ആവിഷ്കാരവും എടുത്തു പറയേണ്ടത് ആണ്.
റിച്ചി ആയുള്ള നിവിൻ പോളിയുടെ അത്യുഗ്രൻ  പ്രകടനം തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ മികവ്. റിച്ചി  എന്ന കഥാപാത്രമായി  നിവിൻ പോളി അക്ഷരാർഥത്തിൽ അമ്പരപ്പിക്കുന്ന പ്രകടനം ആണ് കാഴ്ച വെച്ചത്. ഒരു പക്കാ മാസ്സ് ഹീറോ ആയി ഉള്ള നിവിൻ പോളിയുടെ പ്രകടനം അദ്ദേഹത്തിന് തമിഴ് നാട്ടിൽ ഇനിയും ഒരുപാട് ആരാധകരെ നേടി കൊടുക്കുമെന്ന് ഉറപ്പാണ്. നടരാജൻ സുബ്രഹ്മണ്യമാണ്‌ കയ്യടി നേടിയ മറ്റൊരു താരം. അത് പോലെ തന്നെ നായികയായെത്തിയ ശ്രദ്ധ ശ്രീനാഥ് മികച്ച പ്രകടനം കൊണ്ട് ശ്രദ്ധ നേടി. പ്രകാശ് രാജ്, ലക്ഷ്മിപ്രിയ ചന്ദ്രമൗലി, ആടുകളം മുരുഗദോസ്, അശ്വിൻ കുമാർ, ജി കെ റെഡ്‌ഡി, പ്രിയങ്ക കുമാർ എന്നിവരും തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കി.
പാണ്ടി കുമാർ  ഒരുക്കിയ ദൃശ്യങ്ങൾ  ഗംഭീരമായിരുന്നു. ഓരോ ദൃശ്യ ഖണ്ഡങ്ങളും ചിത്രത്തിന്റെ മികവ് വാനോളം ഉയർത്തി എന്ന് പറയാതെ വയ്യ. അത്ര മനോഹരവും അത് പോലെ ശക്തവുമായിരുന്നു  അവ. ബി അജെനീഷ് ലോക്നാഥ്  ഒരുക്കിയ സംഗീതവും മികച്ചു നിന്നു. പശ്ചാത്തല   സംഗീതവും ഗംഭീരമായിരുന്നു. അതുൽ വിജയ്  ആണ് ചിത്രത്തിന്റെ എഡിറ്റിംഗ്.  ഒരു നിമിഷം പോലും ചിത്രം പ്രേക്ഷകനെ ബോറടിപ്പിച്ചില്ല എന്നത് എഡിറ്ററുടെ കൂടി മികവിന്റെ നേർസാക്ഷ്യമാണ്.
റിച്ചി  തികഞ്ഞ എന്റെർറ്റൈനെർ ആണെന്ന് മാത്രമല്ല സാങ്കേതിക പൂർണ്ണതയും വ്യത്യസ്ഥമായ ഒരു കഥ പറയുന്നതുമായ ചിത്രവുമാണ്  . എല്ലാ തരം  പ്രേക്ഷകരെയും ഒരുപോലെ ആകർഷിക്കുന്ന ഈ ചിത്രം നിങ്ങളെ ഒരേ സമയം രസിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്യും എന്നുറപ്പാണ്.
Share.

Comments are closed.