മമ്മൂട്ടി വരുന്നു മാമാങ്കവുമായി ; കരിയറിലെ ഏറ്റവും വലിയ ചിത്രം.

0
 മെഗാ സ്റ്റാർ മമ്മൂട്ടി  കഴിഞ്ഞ ദിവസം തന്റെ ആരാധകർക്കായി നൽകിയ  ദീപാവലി സമ്മാനം വളരെ വലുതായിരുന്നു. തന്റെ ഒഫീഷ്യൽ  ഫേസ്ബുക് പേജിലൂടെ ആരാധകർക്ക് ദീപാവലി ആശംസകൾ നേർന്നു കൊണ്ട് മമ്മൂട്ടി അനൗൺസ് ചെയ്തത് തന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായിരുന്നു. മാമാങ്കം എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം പതിനേഴാം നൂറ്റാണ്ടിൽ നടക്കുന്ന കഥയാണ് പറയാൻ പോകുന്നത്. വള്ളുവനാട്ടിലെ ഇതിഹാസമായ ചാവേറുകളുടെ കഥ പറയുന്ന ഈ ചിത്രത്തിന്  അമ്പതു കോടിയിൽ അധികം ബജറ്റ് ആണ് പ്രതീക്ഷിക്കപ്പെടുന്നത്. നവാഗതനായ സജീവ് പിള്ളയാണ് ഈ ചിത്രം  രചന നിർവഹിച്ചു സംവിധാനം ചെയ്യുന്നത്.
നീണ്ട പന്ത്രണ്ടു വർഷത്തെ റിസേർച്ചിനു ശേഷമാണു സജീവ് ഈ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയതെന്ന് മമ്മൂട്ടി അറിയിച്ചു . മാത്രമല്ല , മാമാങ്കം എന്ന ടൈറ്റിൽ ഉപയോഗിക്കാനുള്ള അനുവാദം തങ്ങൾക്കു നൽകിയതിൽ നവോദയയോടുള്ള നന്ദിയും മമ്മൂട്ടി പ്രകാശിപ്പിച്ചു. മാമാങ്കം എന്ന പേരിൽ നവോദയ നിർമ്മിച്ച ചലച്ചിത്രം മലയാളത്തിൽ ഒരിക്കൽ വന്നിട്ടുള്ളതിനാൽ മാമാങ്കം എന്ന ടൈറ്റിലിന് പുറത്തുള്ള അവകാശം നവോദയയുടെ കയ്യിലായിരുന്നു.
കാവ്യാ ഫിലിമ്സിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ വമ്പൻ താര നിരയാണ് അണി നിരക്കുക എന്നാണ് സൂചന. മാത്രമല്ല ഈ ചിത്രത്തിന്റെ  അണിയറയിൽ വിദേശത്തു നിന്നുള്ള വലിയ ടെക്നിഷ്യന്മാരും ഉണ്ടാകുമെന്നും മമ്മൂട്ടി തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചു. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തു വിടുമെന്ന് പറഞ്ഞു ആരാധകർക്ക് ദീപാവലി ആശംസിചു  കൊണ്ടാണ് മെഗാ സ്റ്റാർ തന്റെ ഫേസ്ബുക് പോസ്റ്റ് അവസാനിപ്പിച്ചത്.നവംബറിൽ റിലീസ് ചെയ്യുന്ന സ്ട്രീറ്റ് ലൈറ്റ്‌സ്, ഡിസംബറിൽ റിലീസ് ചെയ്യുന്ന മാസ്റ്റർപീസ്, ശരത് സന്ദിത് ചിത്രം പരോൾ, റാം ചിത്രം പേരന്പ് എന്നിവയാണ് വരാനിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങൾ. ഗിരീഷ് ദാമോദർ ഒരുക്കുന്ന അങ്കിൾ എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോൾ അഭിനയിക്കുന്നത്.
Share.

Comments are closed.