സെക്കന്റ് ഷോ മുതൽ അലമാര വരെ…ഒരു സണ്ണി വെയ്ൻ സ്പെഷ്യൽ.

0
സെക്കന്റ് ഷോ എന്ന ശ്രീനാഥ് രാജേന്ദ്രൻ ചിത്രം അറിയപ്പെടുന്നത് ദുൽകർ സൽമാന്റെ അരങ്ങേറ്റ ചിത്രം എന്ന് മാത്രമല്ല. സണ്ണി വെയ്ൻ എന്ന യുവ നടൻ മലയാളത്തിൽ അരങ്ങേറിയ ചിത്രം എന്ന രീതിയിലും കൂടിയാണ്. അങ്ങനെയാക്കിയെടുക്കാൻ, ഓർമ്മിപ്പിക്കാൻ മലയാളികളെ പ്രേരിപ്പിച്ചത് ആദ്യ ചിത്രം മുതൽക്കു തന്നെ അവർക്കു ഈ നടനോട് തോന്നിയ സ്നേഹം കൊണ്ടാണ്. സെക്കന്റ് ഷോയിലെ കുരുടിയെ പ്രേക്ഷകർ നെഞ്ചിലേറ്റിയപ്പോൾ സണ്ണി വെയ്ൻ എന്ന നടനും താരവും ജനിക്കുകയായിരുന്നു, ഉദിക്കുകയായിരുന്നു മലയാള സിനിമയിൽ. അതിന്റെ ഏറ്റവും വലിയ ഉദാഹരണം ആയിരുന്നു പിന്നീട് തട്ടത്തിൻ മറയത്തു എന്ന നിവിൻ പോളി- വിനീത് ശ്രീനിവാസൻ ചിത്രത്തിലെ സണ്ണിയുടെ ഒരു അതിഥി വേഷത്തിനു പോലും ലഭിച്ച  കയ്യടി. വളരെ വേഗം ആണ് സണ്ണി വെയ്ൻ പ്രേക്ഷകരുടെ സണ്ണിച്ചായൻ ആയി വളർന്നത്.
പിന്നീട് ഒട്ടനവധി ചിത്രങ്ങളിലൂടെ ഭാഗമായി സണ്ണി വെയ്ൻ . നായകനായും, സഹനടനയുമെല്ലാം ഈ നടൻ തന്റെ വളർച്ചയുടെ പടവുകൾ താണ്ടി. ഒരു അഭിനേതാവ് എന്ന നിലയിലും ഓരോ ഓരോ ചിത്രത്തിലൂടെയും സണ്ണി വെയ്ൻ വളർന്നു. നീ കോ ഞ ചാ , അന്നയും റസൂലും, നീലാകാശം പച്ച കടൽ ചുവന്ന ഭൂമി, മോസയിലെ കുതിര മീനുകൾ, കൂതറ, ആട് ഒരു ഭീകര ജീവിയാണ്, ഡബിൾ ബാരൽ, ലോർഡ് ലിവിങ്സ്റ്റൺ 7000 കണ്ടി, ആൻ മരിയ കലിപ്പിലാണ്, അലമാര തുടങ്ങിയ ഒരുപാട് ശ്രദ്ധേയ ചിത്രങ്ങൾ, അതിലെ പ്രകടനങ്ങൾ. ഇന്ന്  സണ്ണി വെയ്ൻ മലയാളികൾ   ഒരുപാട് സ്നേഹിക്കുന്ന ഒരു കലാകാരനായി മാറിയിരിക്കുകയാണ്. സണ്ണി വെയ്ൻ ചിത്രങ്ങൾക്കായി കാത്തിരിക്കുന്ന ഒരു  പ്രേക്ഷക സമൂഹത്തെ സൃഷ്ടിക്കാൻ കഴിഞ്ഞു  എന്നതാണ് ഈ നടന്റെ വിജയം.
ദുൽഖറുമായുള്ള കോമ്പിനേഷനും പ്രേക്ഷകർ ഒരുപാട് കാണാൻ ആഗ്രഹിക്കുന്നതും കാത്തിരിക്കുന്നതുമാണ്. സെക്കന്റ് ഷോയിൽ തുടങ്ങി അലമാരയിൽ എത്തി നിൽക്കുന്ന സണ്ണി വെയ്ൻ എന്ന മലയാളികളുടെ  പ്രീയപ്പെട്ട സണ്ണിച്ചായന്‌ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ.
Share.

Comments are closed.