ചങ്ക്‌സ് കേരള കളക്ഷൻ  റിപ്പോർട്ട്…!

0
ഈ കഴിഞ്ഞ വെള്ളിയാഴ്ച കേരളത്തിൽ പ്രദർശനം ആരംഭിച്ച മലയാള ചിത്രങ്ങളിൽ ഒന്നാണ് ഒമർ ലുലു സംവിധാനം ചെയ്ത ചങ്ക്‌സ്.  ബാലു വർഗീസ് , ഹണി റോസ് , ധർമജൻ, ഗണപതി, വിശാഖ് നായർ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയിരിക്കുന്ന ഈ ചിത്രം  നിർമ്മിച്ചിരിക്കുന്നത് വൈശാഖ സിനിമയുടെ ബാനറിൽ വൈശാഖ് രാജനാണ്. ജോസഫ് വിജീഷ്, അനീഷ് ഹമീദ്, സനൂപ് തൈക്കുടം  എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ആദ്യ ദിനം മുതൽ സമ്മിശ്ര പ്രതികരണം ആണ് ചിത്രത്തിന് ലഭിച്ചത് എങ്കിലും കേരള ബോക്സ് ഓഫീസിൽ ചിത്രം കാഴ്ച വെക്കുന്നത് തകർപ്പൻ പ്രകടനം ആണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.  സംവിധായകൻ ഒമർ ലുലു തന്നെ  പുറത്തു വിട്ട കണക്കുകൾ പ്രകാരം ഒരാഴ്ച കൊണ്ട് ചങ്ക്‌സ് കേരളത്തിൽ നിന്ന് നേടിയത് 8.77 കോടി രൂപ ഗ്രോസ് കളക്ഷൻ ആണ് . നാല് കോടി രൂപയ്ക്കു മുകളിൽ ഇപ്പോൾ തന്നെ ഷെയർ നേടി കഴിഞ്ഞ ഈ ചിത്രം നിർമ്മാതാവിന് ഇപ്പോഴേ ലാഭം ആണെന്നാണ്  റിപ്പോർട്ടുകൾ പറയുന്നത്.

കോളേജ് വിദ്യാർത്ഥികളെയും ചെറുപ്പക്കാരെയും ലക്‌ഷ്യം വെച്ചെടുത്ത ഈ ഫൺ മൂവി അവരെ ആകർഷിക്കുന്നതിൽ  വിജയം കണ്ടിട്ടുണ്ട്. ഈ വലിയ ഓപ്പണിങ് തന്നെ അതിനുദാഹരണം ആണ്. ഈ വർഷം  ഒരു മലയാള ചിത്രം നേടിയ ഏറ്റവും വലിയ ഓപ്പണിങ്ങിൽ ഒന്നാണ് ചങ്ക്‌സ് നേടിയിട്ടുള്ളത് . ലാൽ, സിദ്ദിഖ്, ഷമ്മി തിലകൻ, മറീന മൈക്കൽ എന്നിവരും ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ചു . ഹാപ്പി വെഡിങ്  എന്ന കൊച്ചു ചിത്രത്തിന്റെ  വലിയ വിജയത്തോടെ കഴിഞ്ഞ വർഷമാണ് ഒമർ ലുലു സംവിധായകനായി തന്റെ അരങ്ങേറ്റം നടത്തിയത്. ഇപ്പോൾ തന്റെ രണ്ടാമത്തെ ചിത്രവും ഈ സംവിധായകൻ വിജയത്തിൽ എത്തിച്ചിരിക്കുകയാണ്.
Share.

Comments are closed.