മമ്മൂട്ടിയുടെ നാനൂറാമത്തെ  ചിത്രം വരുന്നു…പ്രഖ്യാപനം താരത്തിന്റെ അറുപത്തിയാറാം ജന്മദിനത്തിൽ..?

0
ഈ വർഷം സെപ്റ്റംബറിൽ തന്റെ അറുപത്തിയാറാം ജന്മദിനം ആഘോഷിക്കാൻ തയ്യാറെടുക്കുകയാണ് മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി. ഇത്തവണ തന്റെ ഓണ ചിത്രമായ ശ്യാം ധർ മൂവി പുള്ളിക്കാരൻ സ്റ്റാറാ ആരാധകർക്ക്  സമ്മാനമായി മമ്മൂട്ടി എത്തിക്കുന്നുണ്ടെങ്കിലും അതിനോടൊപ്പം തന്റെ ജന്മദിനത്തിൽ ഒരു വമ്പൻ പ്രഖ്യാപനത്തിനു തയ്യാറെടുക്കുകയാണ് മെഗാ താരം എന്നാണ്  റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വരുന്ന വാർത്തകൾ ശരിയാണെങ്കിൽ തന്റെ നാനൂറാമത്തെ ചിത്രത്തെ കുറിച്ചുള്ള പ്രഖ്യാപനം ആയിരിക്കും ഈ വരുന്ന ജന്മദിനത്തിൽ മമ്മൂട്ടി നടത്തുക. അതൊരു വമ്പൻ പ്രൊജക്റ്റ് ആയിരിക്കുമെന്നാണ്  സൂചനകൾ. ഇതിനോടകം 395 ഇൽ അധികം ചിത്രങ്ങൾ മമ്മൂട്ടി അഭിനയിച്ചു കഴിഞ്ഞു. ശ്യാം ധർ സംവിധാനം ചെയ്ത പുള്ളിക്കാരൻ സ്റ്റാറ , അജയ് വാസുദേവിന്റെ മാസ്റ്റർ പീസ്, ഷാംദത്തിന്റെ സ്ട്രീറ്റ് ലൈറ്റ്‌സ് , ശരത് സന്ദിത്തിന്റെ പരോൾ, തമിഴ് ചിത്രമായ പേരന്പ് എന്നിവയാണ് മമ്മൂട്ടയുടേതായി ഇനി റിലീസ് ആവാനുള്ള ചിത്രങ്ങൾ.
ഓഗസ്റ്റ് സിനിമാസ് നിർമ്മിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ കുഞ്ഞാലി മരക്കാർ ആയിരിക്കും മമ്മൂട്ടിയുടെ നാനൂറാമത്തെ ചിത്രം എന്ന് സൂചനകൾ ഉണ്ട്. അതുപോലെ തന്നെ മമ്മൂട്ടിയും  ദുൽക്കറും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ സാധ്യതകളും തള്ളി കളയാനാവില്ല. കളരി പശ്ചാത്തലമാക്കി മറ്റൊരു ചിത്രവും ഒരുങ്ങുന്നുണ്ട്  എന്നും , ഹരിഹരൻ- രഞ്ജിത് ടീം ഒരുക്കുന്ന ആ ചിത്രമാകും മമ്മൂട്ടിയുടെ  നാനൂറാമത്തെ ചിത്രമെന്നുമൊക്കെ സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ വരുന്നുണ്ട്. ഏതായാലും മമ്മുക്കയുടെ ജന്മദിനം  വരെ നമ്മുക്ക് കാത്തിരിക്കാം ആ വലിയ പ്രഖ്യാപനത്തിനായി. മമ്മൂട്ടിയുടെ ഓണ ചിത്രം പുള്ളിക്കാരൻ സ്റ്റാറ  ഈ വരുന്ന സെപ്റ്റംബർ ഒന്നിന് പ്രദർശനത്തിന് എത്തും.
Share.

Comments are closed.