പ്രണവ് മോഹൻലാൽ- ജീത്തു ജോസഫ് ചിത്രം ആദി ഇന്ന് തുടങ്ങുന്നു..!

0
മലയാള സിനിമ പ്രേമികളും മോഹൻലാൽ ആരാധകരും ഏറെ നാളായി കാത്തിരിക്കുന്ന ആ ദിവസം ഇന്നാണ്.  കമ്പ്ലീറ്റ് ആക്ടർ മോഹൻലാലിൻറെ മകൻ പ്രണവ് മോഹൻലാൽ ആദ്യമായി നായകനായി അഭിനയിക്കുന്ന ചിത്രം ആദി ഇന്ന് മുതൽ ചിത്രീകരണം ആരംഭിക്കുകയാണ്. ജീത്തു ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ആശീർവാദ് സിനിമാസിൻറ്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്. ജൂലൈ ആദ്യ വാരം പൂജ കഴിഞ്ഞ ഈ ചിത്രം ഒരു ഫാമിലി ആക്ഷൻ ത്രില്ലറായാണ് ഒരുക്കുന്നത് എന്നാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്. പ്രണയത്തിനു പ്രധാന്യമില്ലാത്ത ചിത്രമാണെങ്കിലും ഇതിൽ ഒന്നിലധികം നായികമാർ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പൂജ ചടങ്ങിന്റെ അന്ന് തന്നെ പുറത്തു വിട്ടിരുന്നു.
സിദ്ദിഖ്, സണ്ണി വെയ്ൻ, സിജു വിൽ‌സൺ, ശറഫുദ്ധീൻ എന്നിവർ ഈ ചിത്രത്തിൽ പ്രണവ് മോഹൻലാലിനൊപ്പം എത്തുമെന്നാണ് സൂചനകൾ. നായികമാർ ആരൊക്കെയെന്നു അണിയറ പ്രവർത്തകർ വ്യക്തമാക്കിയിട്ടില്ല. അതുപോലെ തന്നെ മുകേഷ് ഈ ചിത്രത്തിൽ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് സൂചനകൾ ഉണ്ട്. പാലക്കാട് , ബനാറസ്, ഹൈദെരാബാദ്  രാമോജി റാവു ഫിലിം സിറ്റി എന്നിവിടങ്ങളിലായാവും ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് എന്നാണ്  ഇപ്പോൾ ലഭിക്കുന്ന വിവരം. ഈ ചിത്രത്തിന് വേണ്ടി പ്രണവ് മോഹൻലാൽ ഒരു വർഷത്തോളമായി പാർക്കർ അഭ്യസിക്കുന്നുണ്ടായിരുന്നു.
സതീഷ് കുറുപ്പ് ഛായാഗ്രഹണം നിർവഹിക്കുന്ന ആദിക്ക് വേണ്ടി സംഗീതമൊരുക്കുക അനിൽ ജോൺസൻ ആയിരിക്കും. അയൂബ് ഖാൻ എഡിറ്റിംഗ് നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ വസ്ത്രാലങ്കാരം നിർവഹിക്കുന്നത് ജീത്തു ജോസെഫിന്റെ ഭാര്യ ലിന്റ ജീത്തു ആയിരിക്കും. ക്രിസ്മസ് റിലീസായാണ് ഈ ചിത്രം വരാൻ സാധ്യതയെന്നാണ്  ചിത്രത്തോടടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
Share.

Comments are closed.